നിങ്ങള്‍ക്ക് നല്ലതുപോലെ ഉറങ്ങാന്‍ സാധിക്കുന്നില്ല എന്ന പ്രശ്‌നമുണ്ടോ? എങ്കില്‍ നിങ്ങളുടെ സ്‌മാര്‍ട് ഫോണ്‍ ഉപയോഗം അതിനൊരു കാരണമാണ്. സ്‌മാര്‍ട്‌ഫോണ്‍ പോലെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഡിസ്‌പ്ലേയില്‍നിന്ന് പുറത്തേക്ക് വരുന്ന വെളിച്ചമാണ് ഉറക്കത്തെ ഇല്ലാതാക്കുന്നത്. എല്‍ഇഡി ഡിസ്‌പ്ലേ ഉള്ള സ്‌മാര്‍ട് ഫോണ്‍ പോലെയുള്ള ഉപകരണങ്ങളില്‍നിന്ന് പുറത്തുവരുന്ന പ്രകാശമാണ് ഉറക്കത്തെ നശിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണിലെ ഫോട്ടോസെപ്റ്റേഴ്‌സ് എന്ന പ്രതിഭാസത്തിന് വഴിവെക്കുന്നു. അതുവഴി ഉറക്കത്തിന് കാരണമായ മെലാട്ടോണിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ഇതുകൊണ്ടാണ് സ്‌മാര്‍ട് ഫോണില്‍നിന്നുള്ള പ്രകാശം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നത്. രാത്രിയില്‍ വൈകുംവരെ സ്‌മാര്‍ട് ഫോണ്‍ ഉപയോഗിച്ചിട്ട്, കിടക്കുന്നവര്‍ക്ക് അത്രപെട്ടെന്ന് ഉറക്കം വരാത്തതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയില്‍ ഹൗസ്റ്റണ്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലിസ ഓസ്‌ട്രിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളും ഉത്തേജിക്കപ്പെടുന്നത് ഉറക്കസമയത്താണ്. ശരിയായവണ്ണം ഉറങ്ങാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതമായ സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗം ഉറക്കക്കുറവ് മാത്രമല്ല, അനാരോഗ്യവും ക്ഷണിച്ചുവരുത്തുന്നുവെന്ന് സാരം. ഈ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒഫ്‌താല്‍മിക് ആന്‍ഡ് സൈക്കോളജിക്കല്‍ ഒപ്‌റ്റിക്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.