കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിച്ചാൽ പ്രമേഹത്തെ ഇല്ലാതാക്കാം. കരളിലും പാൻക്രിയാസിലും കൊഴുപ്പ് അമിതമാകുന്നതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. ഇൻസുലിന്‍ ഗ്ലൂക്കോസ് നിർമാണത്തെ നിയന്ത്രിക്കുമ്പോൾ കരൾ കൂടുതൽ ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്നു. ഇതോടൊപ്പം കരളിലെ അധികമുള്ള കൊഴുപ്പ് എല്ലാഭാ​ഗങ്ങളിലും എത്തുന്നു. 

ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളുടെ നാശത്തിന് അധികമുള്ള കൊഴുപ്പ് കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ കലോറി കുറഞ്ഞ ഭക്ഷണം കഴിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ കരളിലെ കൊഴുപ്പ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി സാധാരണ നിലയിൽ എത്തുകയും ചെയ്തു. യു കെയിലെ ഒരു സംഘം ഗവേഷകരാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ന്യൂകാസിൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

  ഇന്‍സുലിന്റെ ഉത്പാദനത്തിലുള്ള കുറവ് മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവ് മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തില്‍ നിന്ന് ശരീരം വലിച്ചെടുക്കുന്ന അന്നജമാണ് ആന്തരീക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഭക്ഷണം ദഹിക്കുന്നതോടെയാണ് അന്നജം രക്തത്തില്‍ കലരുന്നത്.  രക്തത്തില്‍ കലര്‍ന്ന ഗ്ലൂക്കോസിനെ ശരീരകോശങ്ങളില്‍ എത്തിക്കുന്നതിനാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമായിട്ടുള്ളത്. 

എന്നാല്‍ ഇന്‍സുലിന്റെ അളവ് കുറയുന്നതോടെ, അല്ലെങ്കില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതോടെ കോശങ്ങളിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു. അങ്ങനെ വരുമ്പോള്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയിരിക്കും. പാരമ്പര്യ ഘടകങ്ങള്‍ തന്നെയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം.