കൊച്ചി: ഓ‍ർമ്മയില്ലേ, ഷാർജ ടു ഷാർജ എന്ന മലയാളം സിനിമ. ഗൾഫിൽവെച്ച് അബദ്ധത്തിൽ സംഭവിച്ചൊരു കൊലപാതകം, പ്രതിക്കു വധശിക്ഷ വിധിക്കുന്നു. വധശിക്ഷ ഒഴിവാക്കണമെങ്കിൽ കൊലചെയ്യപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകണം. സ്വന്തം അനുജന്റെ ജീവൻ രക്ഷിക്കാൻ ജയറാം അവതരിപ്പിച്ച കഥാപാത്രം നെട്ടോട്ടമോടുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഏതായാലും, അതിന് ഏറെക്കുറെ സമാനമായ സംഭവമാണ് ഇപ്പോൾ മലപ്പുറം ജില്ലയിൽ സംഭവിച്ചികൊണ്ടിരിക്കുന്നത്. കുവൈത്തിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന തമിഴ്‌നാട് സ്വദേശിയായ അർജുൻ അതിമുത്തുവിന്റെ ഭാര്യ മാലതി നടത്തിയ പോരാട്ടമാണ് ഒടുവിൽ വിജയത്തിലെത്തിയിരിക്കുന്നത്.

2013ലാണ് സംഭവങ്ങളുടെ തുടക്കം. ഒരേ കമ്പനിയിലെ ജീവനക്കാരായ അർജുനും മലപ്പുറം സ്വദേശി അബ്ദുൽ വാജിദും തമ്മിലുള്ള വാക്ക്‌തർക്കം ഒടുവിൽ വാജിദിന്റെ കൊലപാതകത്തിൽ കലാശിക്കുന്നു. അറിയാതെ പറ്റിയ കൈയബദ്ധം അർജുനെ ജയിലിലാക്കി. കുവൈത്ത് കോടതി വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. വധശിക്ഷ ഒഴിവാകണമെങ്കിൽ വാജിദിന്റെ കുടുംബം മാപ്പെഴുതി നൽകണം. മാലതിയും രണ്ടു പെൺമക്കളും നിരവധി തവണ കയറിയിറങ്ങിയെങ്കിലും മാപ്പ് നൽകാൻ വാജിദിന്റെ കുടുംബം തയ്യാറായില്ല. ദരിദ്ര കുടുംബമായതിനാൽ വാജിദിന്റെ കുടുംബത്തിന് നഷ്‌ടമായത് വലിയ കൈത്താങ്ങായിരുന്നു. പലതവണ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം രൂപ നൽകിയാൽ മാപ്പ് നൽകാമെന്ന് വാജിദിന്റെ കുടുംബം ഒടുവിൽ സമ്മതിച്ചു.
എന്നാൽ മറ്റൊരു ജോലിയും വരുമാനവുമില്ലാത്ത മാലതിക്ക് ഒരിക്കലും പ്രാപ്യമായിരുന്ന തുകയായിരുന്നില്ല അത്. അങ്ങനെയിരിക്കെയാണ് മുസ്ലിം ലീഗ് നേതാവ് മുന്നവ്വറലി ശിഹാബ് തങ്ങൾ ഈ വിഷയം അറിയുന്നത്. മനുഷ്യത്വത്തിന്റെ ഉദാത്തമാതൃകയുമായി മുന്നവ്വറലി തങ്ങൾ മുന്നിട്ടിറങ്ങിയതോടെ, മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി 25 ലക്ഷം രൂപ ശേഖരിച്ച് മാലതിക്ക് കൈമാറി. ഇതിനിടയിൽ കടംവാങ്ങിയും മറ്റും സ്വന്തം നാട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും മാലതി സംഘടിപ്പിച്ചു. 30 ലക്ഷവുമായി മാലതി വാജിദിന്റെ കുടുംബത്തെ കണ്ടു. അർജുനെ വധശിക്ഷയിൽനിന്ന് ഇളവ് നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പേപ്പറിൽ അവർ ഒപ്പിട്ടുനൽകി. ഇനി അധികംവൈകാതെ അർജുന് ജയിൽമോചിതനാകാം. അ‍ർജുന്റെ വരവും കാത്തിരിക്കുകയാണ് മാലതിയും രണ്ടു പെണ്‍മക്കളും.

കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ