മുംബൈ: ഭാര്യക്കു ലൈംഗികതാൽപര്യമില്ലെന്നും വന്ധ്യതയുണ്ടെന്നും ശാസ്ത്രീയമായി തെളിയിക്കാനുള്ള പരിശോധന നടത്തണമെന്ന ഭർത്താവിന്‍റെ ഹർജി ബോംബെ ഹൈക്കോടതി അനുവദിച്ചു. 2011-ലെ മുംബൈ കുടുംബക്കോടതിയുടെ വിവാഹമോചനക്കേസിൽ കുടുംബക്കോടതിയുടെ ഉത്തരവു ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

വിവാഹമോചനത്തിനുള്ള ഹർജിയിൽ ചൂണ്ടിക്കാട്ടിയ കാരണം ശാസ്ത്രീയമായി തെളിയിക്കണമെന്ന ആവശ്യത്തിലാണ് കോടതി അനുവാദം നൽകിയത്. ഉത്തരവു നടപ്പാക്കി തന്നെ പരിശോധനയ്ക്കു വിധേയമാക്കരുതെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി. സർ ജെജെ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് പരിശോധന നടത്തണമെന്നായിരുന്നു കുടുംബക്കോടതി ഉത്തരവ്.

ലൈംഗിക ബന്ധത്തിൽ ഭാര്യക്കു താൽപര്യമില്ലാത്തതാണ് വിവാഹമോചനം നേടാൻ കാരണമായി ഭർത്താവ് ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ ഇതു തെറ്റാണെന്നും വിവാഹം കഴിഞ്ഞ നാളുകളിൽ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം ശാസ്ത്രീയമായി തെൡയിക്കാൻ വൈദ്യ പരിശോധന നടത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടത്. 

കുടുംബക്കോടതി ഇത് അംഗീകരിച്ചപ്പോൾ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2010 ലാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. 2011-ൽ ഇരുവരും പിരിയാൻ തീരുമാനിച്ചു. തുടർന്നാണു വിവാഹമോചന ഹർജി നൽകിയത്. കേസിൽ വാദം പൂർത്തിയാകുന്ന ഘട്ടമാണെന്നും ഭർത്താവിന്റെ ആവശ്യം അംഗീകരിക്കരുതെന്നും യുവതിയുടെഅഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. 

യുവതിക്കു ലൈംഗിക ബന്ധത്തിനു സാധിക്കുമെന്നും വിരക്തയല്ലെന്നും സ്വകാര്യ ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കി. ഇക്കാര്യത്തിൽ കോടതി നിർദേശിക്കുന്ന ആശുപത്രിയിൽ ശാസ്ത്രീയ പരിശോധന തന്നെ നടത്തണമെന്നു പറഞ്ഞാണ് യുവതിയുടെ വാദം കോടതി തള്ളിയത്.