കോഴിക്കോട് : കോഴിക്കോട് അത്തോളിയില്‍ ശീതള പാനീയം കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. പാനീയം കുടിച്ച് നിമിഷ നേരംകൊണ്ട് ബോധരഹിതനായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി സ്വദേശി ചെങ്ങോട്ടുമ്മല്‍ മീത്തല്‍ അബിനാസിനെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ അത്തോളിയിലെ ഒരു കടയില്‍ നിന്നും ശീതള പാനീയം വാങ്ങി കഴിച്ച അബിനാസിന് അല്‍പ്പസമയത്തിനുള്ളില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പകുതി കുടിച്ച് കഴിഞ്ഞതിന് ശേഷം അരുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടക്കാരനോട് പറഞ്ഞിരുന്നതായി അബിനാസിന്റെ സഹോദരന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബിനാസ് അപകട നില തരണം ചെയ്തതായി ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. ശീതള പാനീയ കമ്പനിക്കെതിരെ പരാതി കൊടുക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.