അമിത അളവിൽ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന്റെ റെറ്റിനയ്ക്കു വര്‍ണ്ണാന്ധത ബാധിച്ചതായി സ്ഥിരീകരിച്ചു. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കപ്പെടുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചത്. മരുന്ന് കഴിച്ച് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ കാഴ്ചയെ ബാധിച്ചുവെന്നും രണ്ടുദിവസം കഴിഞ്ഞിട്ടും ഇത് മാറിയില്ലെന്നും ചികിത്സ തേടിയെത്തിയ സമയത്ത് പറഞ്ഞിരുന്നു. 

50 മില്ലിഗ്രാം അളവില്‍ മാത്രമെ മരുന്ന് ഉപയോഗിക്കാവൂ എന്നാണ് ഡോക്ടര്‍ ഇയാളോട് നിര്‍ദ്ദേശിച്ചിരുന്നത്. അതിലും കൂടുതല്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നു. ചുവപ്പുനിറം കലര്‍ന്ന പോലെയുള്ള കാഴ്ചയാണ് ഇയാള്‍ക്ക് ഉണ്ടായത്. ഇയാള്‍ ഉപയോഗിച്ച ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റ് താത്കാലികമായി കാഴ്ചയെ ബാധിക്കുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്‌നം സാധാരണഗതിയില്‍ പരിഹരിക്കപ്പെടുകയും ചെയ്യും.  പരിശോധനയില്‍ ഇയാളുടെ റെറ്റിനയില്‍ തകരാര്‍ കണ്ടെത്തി. 

നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വർണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥയാണ് ഇദ്ദേഹത്തെ ബാധിച്ചത്. ഡോക്ടർമാരുടെ ഉപദേശം ഇല്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.