കശ്മീര്‍: കൂലി നല്‍കാന്‍ മടിയായതിനെ തുടര്‍ന്ന് സ്വന്തം ഡ്രൈവര്‍ക്കെതിരെ കള്ളകഥയുണ്ടാക്കി നാട്ടുകാരെ കൊണ്ട് തല്ലിച്ചു. സത്യം പുറത്ത് വന്നതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ജമ്മു കശ്മീരിലെ കുപവാര ജില്ലയിലാണ് സംഭവം. മുഹമ്മദ് സുല്‍ത്താന്‍ ലോണ്‍ എന്നയാളാണ് തന്‍റെ ട്രാക്ടര്‍ ഡ്രൈവറായ ജമീല്‍ അഹമ്മദ് ദാറിനോട് ക്രൂരത കാട്ടിയത്. മുഹമ്മദില്‍ നിന്ന് 50,000 രുപയാണ് ഡ്രൈവറായ ജമീലിന് ലഭിക്കാനുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പണം ചോദിക്കാന്‍ ജമീല്‍, മുഹമ്മദിന്‍റെ വീട്ടിലെത്തി. എങ്കിലും ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് ഒരു കള്ളകഥയുണ്ടാക്കി നാട്ടുകാരെ കൊണ്ട് സ്വന്തം ഡ്രൈവറെ തല്ലിക്കുകയായിരുന്നു ഇയാള്‍. ഗ്രാമത്തിലെ സ്ത്രീകളുടെ മുടി മുറിക്കുന്ന അജ്ഞാതനായ ആള്‍ ജമീലാണെന്നാണ് നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ ജമീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.