ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയുമായുള്ള ബന്ധം നഷ്ടമായെന്നും വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ട്വീറ്റ് ചെയ്ത യുവാവിന് അമ്മയെ കണ്ടെത്തി നല്‍കി ഇന്ത്യന്‍ റെയില്‍വേ. ശശ്വത് എന്ന വ്യക്തിയാണ് ട്രെയിനില്‍ യാത്ര ചെയ്യുന്ന അമ്മയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ട്രെയിന്‍ 12 മണിക്കൂര്‍ വൈകിയാണ് ഓടുന്നതെന്നും വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. 

തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ പിഎന്‍ ആര്‍ നമ്പറും കോണ്‍ടാക്ട് നമ്പറും ആവശ്യപ്പെട്ട് റീട്വീറ്റ് ചെയ്തു. എന്നാല്‍ പിഎന്‍ ആര്‍ നമ്പര്‍ അറിയില്ലെന്ന് ശശ്വത് വീണ്ടും ട്വീറ്റ് ചെയ്തു.  

തുടര്‍ന്ന് ബോര്‍ഡിംഗ് തിയ്യതിയും ബോര്‍ഡിംഗ് സ്റ്റേഷന്‍റെ പേരും ആവശ്യപ്പെട്ട റെയില്‍വേ ഉത്തരവാദിത്വത്തോടെ ശശ്വതിന്‍റെ അമ്മയെ കണ്ടെത്തി മകനുമായി സംസാരിക്കാന്‍ അവസരമൊരുക്കി നല്‍കുകയും ചെയ്തു.

റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.  നിരവധിപ്പേരാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.