Asianet News MalayalamAsianet News Malayalam

പ്രകൃതി ദുരന്തങ്ങൾ ബാക്കി വെക്കുന്ന മാനസിക പ്രശ്നങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളം മുഴുവൻ ഞെട്ടി വിറച്ചു നിന്നു പോയ  മഹാപ്രളയം ബാക്കി വെച്ചുപോകുന്നത് പകർച്ചവ്യാധികൾ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മാത്രമല്ല, കടുത്ത മാനസിക ആഘാതങ്ങൾ കൂടിയാണ്.

mental health of flood victims dr preethas writeup
Author
Thiruvananthapuram, First Published Aug 23, 2018, 10:57 AM IST

കേരളം മുഴുവൻ ഞെട്ടി വിറച്ചു നിന്നു പോയ  മഹാപ്രളയം ബാക്കി വെച്ചുപോകുന്നത് പകർച്ചവ്യാധികൾ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മാത്രമല്ല, കടുത്ത മാനസിക ആഘാതങ്ങൾ കൂടിയാണ്. ഒരു പക്ഷേ ഒരു ജീവിതകാലം മുഴുവൻ വേട്ടയാടുവാൻ തക്ക ശേഷിയുള്ള മുറിവുകൾ ഇതിനകം ജനമനസ്സുകളിൽ ഉണ്ടായിക്കഴിഞ്ഞു.

mental health of flood victims dr preethas writeup

പ്രാണഭയം ആയും കടുത്ത അരക്ഷിതാ വസ്ഥയായും സർവോപരി ഒട്ടും പ്രതീക്ഷിക്കാതെ വന്നു ചേർന്ന മഹാദുരന്തത്തിൽ ഇനിയും വിട്ടു മാറാത്ത നടുക്കമായും. സംഹാരതാണ്ഡവമാടി വെള്ളം പടിയിറങ്ങി പോകുന്നത്ര എളുപ്പത്തിൽ ഇറങ്ങിപ്പോവില്ല മനുഷ്യമനസ്സിനെ ബാധിച്ച ഭീതിയും വേവലാതികളും എന്ന് അർത്ഥം. കേരളജനത ഒറ്റ ക്കെട്ടായി പ്രാർത്ഥനാപൂർവ്വം മരുന്നും ഭക്ഷണവും വസ്ത്രവും മേൽക്കൂരയും ഒരുക്കി പ്രളയദുരിതങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ മാനസികആഘാതങ്ങൾ ലഘുകരിക്കുവാൻ ചില പ്രായോഗിക നിർദേശങ്ങളെ ഡോ. പ്രീത എഴുതുന്നു.

1. ദിവസങ്ങളോളം അനുഭവിച്ച കടുത്ത മാനസിക സംഘർഷവും മരണ ഭയവും പലരിലും ക്യാമ്പുകളിൽ എത്തിയ ശേഷവും അതേ അവസ്ഥയിൽ തുടരുന്നുണ്ടാവാം. പലർക്കും വിശപ്പ്,  ഉറക്കം ഇതൊന്നും സാധാരണ നിലയിൽ ആയി വരാൻ ദിവസങ്ങൾ എടുത്തേക്കാം. ഈ അവസ്ഥയിൽ acute stress/anxiety കുറക്കാൻ ആവശ്യമായ മരുന്നുകൾ നൽകാം. ഉറക്കം ക്രമപ്പെടുത്തിഎടുക്കാൻ ഉള്ള ഔഷധങ്ങൾ ക്യാമ്പുകളിൽ ലഭ്യമാണെങ്കിൽ ഉപയോഗപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. 

2. തീവ്ര മാനസിക ആഘാതങ്ങൾ കൊണ്ട് ഉണ്ടാകാവുന്ന Post Traumatic Stress Disorder (PTSD)സാധ്യത കുറച്ചധികം പേരിൽ എങ്കിലും കണ്ടേക്കാം.കൃത്യമായഔഷധ  ചികിത്സയും കൗൺസിലിംഗ് അടക്കമുള്ള ചികിത്സാ രീതികളും വേണ്ടി വന്നേക്കാം.

3. കുട്ടികൾ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായമായവർ, തീവ്രരോഗങ്ങൾ അനുഭവിക്കുന്നവർ- ഇവരൊക്കെ മാനസിക ആഘാതങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ഗുരുതരമായി   ബാധിക്കാവുന്നവരാണ്. പ്രത്യേക പരിഗണനയും അനു ഭാവപൂർണ്ണമായ സമീ പനവും ആവശ്യ മെങ്കിൽ ചികിത്സയും നൽകി സാവധാനത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാം.

4. ഏതൊരു ദുരന്തത്തിന്റെയും ഭീകരത ഏറ്റവും കൂടുതൽ മുറിവ് ഉണ്ടാക്കുന്നത് പിഞ്ചു മനസ്സുകളിൽ ആണ്. ദുരന്തമുഖത്തു നിന്നുള്ള ടിവി ദൃശ്യങ്ങൾ, പത്രവാർത്തകൾ, മുതിർന്നവരുടെ സംസാരത്തിൽ നിന്ന് കുട്ടികളിലേക്കും പകരുന്ന ഭയാശങ്കകൾ  ഒക്കെ കുട്ടികളിൽ മാനസിക സംഘർഷം വളർത്തും. പേടി സ്വപ്നം, ഉറക്കം കുറവ്,അനാവശ്യമായ വാശി, കരച്ചിൽ ഒക്കെ കുട്ടികൾ പ്രകടിപ്പിക്കാൻ സാധ്യത ഉണ്ട്. 
ദുരന്തം നേരിട്ട് അനുഭവിച്ച കുട്ടികളിൽ തീവ്രമാനസിക പ്രശ്നങ്ങൾ തന്നെ ഉണ്ടായേക്കാം. താൽക്കാലികമായിട്ടെങ്കിലും മാതാപിതാക്കളിൽ നിന്ന് വേർപെട്ടു പോയവരും  ദുരന്തമുഖത്തെ അരക്ഷിതാവസ്ഥയും അനിശ്ചിതാവസ്ഥയും ദിവസങ്ങളോളം  നേരിട്ട് അനുഭവിച്ചവരും ഉണ്ട്. തീർച്ചയായും ദീർഘ കാലം നീണ്ട മനോരോഗചികിത്സാ മാർഗങ്ങൾ ഉപയോഗപ്പെടുത്തി കുഞ്ഞു മനസ്സുകളിലുള്ള ഭയവും ആശങ്കകളും അരക്ഷിതബോധവും തുടച്ചു മാറ്റാം. 

5. പ്രിയപ്പെട്ടവരുടെ മരണമോ ഒരു ജീവിതകാലം കൊണ്ട് നേടിയ സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയതിന്റെ ആധിയോ ഒക്കെ പലരെയും താൽക്കാലികമായിട്ടെങ്കിലും വിഷാദരോഗത്തിന്റെ കയങ്ങളിലേക്ക് തള്ളിയിടാം. ആത്മഹത്യപ്രവണയും പരിഗണിക്കണം. കൃത്യസമയത്തു മാനസിക  ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ പതിയേണ്ട കാര്യം കൂടി ആണ് ഇത്. ഭക്ഷണം, കുടിവെള്ളം, മരുന്ന് മുതലായ അടിസ്ഥാന  ആവശ്യങ്ങൾ  കൃത്യമായി എത്തിക്കുക എന്നത് തന്നെയാണ് ആദ്യഘട്ട പുനരധിവാസത്തിൽ പ്രാധാന്യം കൊടുക്കേണ്ട ഘടകങ്ങൾ. പലപ്പോഴും മാനസിക പ്രശ്നങ്ങൾപ്രകട മാവുന്നതും  തിരിച്ചറിയുന്നതും  കുറച്ചു കൂടി കഴിഞ്ഞാണ്. എങ്കിലും അടിയന്തിരശ്രദ്ധ പതിയേണ്ട ചില മാനസിക  പ്രശ്നങ്ങൾ കുറച്ചു പേരിലെങ്കിലും കണ്ടേക്കാം. കൃത്യസമയത്തുള്ള ഇടപെടൽ ആത്മഹത്യ, വിഷാദം, സമൂഹത്തിൽ നിന്നുള്ള ഉൾവലിയൽ, നിരാശാബോധം ഇവയൊക്കെ ലഘുകരിക്കാൻ സഹായകമാവും. ഒരൊറ്റ പേമാരിയിൽ ഒലിച്ചിറങ്ങിപ്പോയത് ജീവനും ജീവിതവും മാത്രമല്ല,   ആത്മവിശ്വാസവും പ്രത്യാശയും കൂടിയാണ്. 

6. ഗർഭകാലത്ത് അനുഭവിക്കുന്ന ഏതു മാനസിക സമ്മർദ്ദവും അമ്മയെപ്പോലെ ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനെയും ബാധിക്കും എന്നതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ  അകപ്പെട്ട് പോയവരും ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരെ കുറിച്ചുള്ള ആശങ്കകൾ ഉള്ളിൽ ഉള്ളവരും ആയ ഗർഭിണികൾക്ക് ശാസ്ത്രീയമായ കൗൺസിലിംഗ് നൽകുവാനും  കുടുംബത്തിന്റെ പൂർണ്ണപിന്തുണ ഉറപ്പാക്കാനും ശ്രദ്ധിക്കാം.
ഗർഭിണികളിൽ മാസം തികയാതെയുള്ള പ്രസവം, രക്ത സമ്മർദ്ദം ഉയരുന്നതു കൊണ്ടുള്ള പ്രത്യഘാതങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു ആവശ്യമായ മാനസിക സമ്മർദ്ദ  നിയന്ത്രണ മാർഗങ്ങൾ (Relaxation techiniques )ക്യാമ്പുകളിൽ വച്ചുതന്നെ നൽകാം. 

7. ഉത്കണ്ഠ, വിഷാദം, മുതലായ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ ദുരന്തങ്ങളെ കുറിച്ചുള്ള വാർത്തകൾ, നേരിട്ടുള്ള അനുഭവങ്ങൾ, പ്രിയപ്പെട്ടവരെ കുറിച്ചുള്ള ആകുലതകൾ ഒക്കെ രോഗവർധനവിനും ആത്മഹത്യ പോലുള്ള അത്യാഹിതങ്ങൾക്കും വഴി വയ്ക്കാം. അവരിൽ എത്രയും നേരത്തെ മുടങ്ങിപ്പോയ ചികിത്സ പുനരാരംഭിച്ചു ആവശ്യ മെങ്കിൽ കൗൺസിലിംഗ്, സൈക്കോതെറാപ്പി ഒക്കെ പ്രയോജനംപ്പെടുത്തണം.


 

Follow Us:
Download App:
  • android
  • ios