പുരുഷന്‍മാര്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉണ്ടെങ്കിലും ക്യാന്‍സര്‍ പിടിപെടുമെന്ന് പുതിയ പഠനം. ഒന്നിലേറെ സ്‌ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഒരു പുരുഷന്‍, ഏഴോളം സ്‌ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയായിരിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ല്‍സ് ക്യാന്‍സര്‍ കൗണ്‍സില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. മലയാളിയായ വിശാലിനി നായര്‍, ഷാല്ലിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. അതേപോലെ, ലൈംഗികകാര്യങ്ങളില്‍ ചെറിയ പ്രായത്തിലേ അമിത താല്‍പര്യം കാട്ടിയിട്ടുള്ള പുരുഷന്‍മാരിലും മദ്ധ്യവയസില്‍ എത്തുമ്പോള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പിടിപെടാമെന്ന് പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അമിതമായ ലൈംഗികതയും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ഇടയാക്കുമെന്ന് പ്രൊഫസര്‍ വിശാലിനി നായര്‍ പറയുന്നു. മദ്ധ്യവയസ് പിന്നിട്ട പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കൂടുതലായിരിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പഠനറിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.