ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങളെ ചെറുക്കാന്‍ പല രീതിയിലാണ് രാവിലെകളിലെ നടത്തം സഹായിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു

രാവിലെ നടക്കുന്നത് പൊതുവേ ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരാനും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായകമാണ്. എന്നാല്‍ രാവിലെയുള്ള നടത്തവും ഹൃദയവും തമ്മിലുള്ള ബന്ധമെന്താണ്?

രാവിലെ നടക്കുന്നത് ഏറ്റവുമധികം ഗുണം ചെയ്യുക ഹൃദയത്തിനാണ്. ഹൃദയസ്തംഭനം വരാനുള്ള സാധ്യതകളെ അത് പകുതിയോളം ചെറുക്കുമെന്നാണ് കണ്ടെത്തല്‍. അതായത് രാവിലെകളില്‍ ശരീര വ്യായാമം ചെയ്യുന്നവരില്‍ കൊറോണറി ആര്‍ട്ടറി രോഗം ഉണ്ടാകുന്നത് കുറവാണ്. ഇതാണ് ഹൃദയസ്തംഭനത്തിന്റെ ഒരു സാധ്യതയെ ഇല്ലാതാക്കുന്നത്. 

ഹൃദയത്തിന് ആരോഗ്യം പകരുന്നതോടൊപ്പം ശ്വാസകോശങ്ങള്‍ക്കും രാവിലെകളിലെ നടത്തം ആരോഗ്യം പകരും. ഇതോടെ ദിവസം മുഴുവന്‍ ശരീരം അതിന്റെ ഒട്ടുമുക്കാല്‍ പ്രവര്‍ത്തനങ്ങളും തടസ്സം കൂടാതെ എളുപ്പത്തില്‍ നിറവേറ്റുന്നു. 

പതിവായി രാവിലെ നടക്കുന്നയാളുകളില്‍ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യതയും കുറവാണ്. ഇതും ഹൃദയത്തിന്റെ ആരോഗ്യം നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, രക്തത്തിലെ നല്ല തരം കൊഴുപ്പിനെ ആവശ്യമായ അളവില്‍ നിലനിര്‍ത്താന്‍ കഴിയുന്നതുകൊണ്ട് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വീണ്ടും കുറയുന്നു. 

ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും ഇതോടൊപ്പം സംരക്ഷിക്കപ്പെടുന്നു. എന്നും രാവിലെ അല്‍പദൂരം നടക്കുന്നത് നമുക്ക് നമ്മുടെ ശരീരത്തെച്ചൊല്ലിയുള്ള മതിപ്പിനെ ഉയര്‍ത്താന്‍ സഹായിക്കുന്നു. മാനസികമായി നല്ല അവസ്ഥയില്‍ തുടരുന്നവരെ സമ്മര്‍ദ്ദമോ, നിരാശയോ ഒന്നും ബാധിക്കുന്നില്ല. ഇതും ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നു.

ആഴ്ചയില്‍ നാല് ദിവസം, 45 മിനുറ്റ് വീതം രാവിലെകളില്‍ നടക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 8 മുതല്‍ 10 കിലോ വരെ എളുപ്പത്തില്‍ കുറയ്ക്കാം. പൊണ്ണത്തടി, കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇത് ഗുണകരമാണ്. ഇതും അടിസ്ഥാനപരമായി ഹൃദയാരോഗ്യത്തിന് തന്നെയാണ് മുതല്‍ക്കൂട്ടാവുക.