അധികവും അടുക്കളയെ ചുറ്റിപ്പറ്റിയാണ് കൊതുകുകള്‍ വളരുക. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ എളുപ്പത്തില്‍ ഒഴിവാക്കാത്തതാണ് പ്രധാന കാരണം

വീട്ടുപരിസരങ്ങളിലെ വെള്ളക്കെട്ടുകളും മാലിന്യവും കൊതുകുകള്‍ക്ക് വളര്‍ന്ന് പെരുകാനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ വീട്ടിനകത്തും കൊതുകുകള്‍ക്ക് വളരാനുള്ള അവസരങ്ങളുണ്ടാകുന്നു. നമ്മുടെ ചെറിയ അശ്രദ്ധകളാണ് ഇതിന് വഴിവെയ്ക്കുന്നത്. അടുക്കളയുമായി ബന്ധപ്പെട്ടാണ് ഇതിന് കൂടുതല്‍ സാധ്യതകളുള്ളത്. അത് എങ്ങനെയെല്ലാമെന്ന് നോക്കാം...

ഒന്ന്...

ഫ്രിഡ്ജിന് ചുവട്ടിലെത്തുന്ന വെള്ളം തറയില്‍ വീഴാതിരിക്കാന്‍ പല വീടുകളിലും ഒരു ട്രേ സൂക്ഷിക്കാറുണ്ട്. ഇതിലെത്തുന്ന വെള്ളം ഇടയ്ക്കിടെ മാറ്റാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഈ ട്രേയിലും കൊതുകുകള്‍ പെറ്റ് പെരുകിയേക്കും.

രണ്ട്...

വെള്ളം പിടിച്ച് സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അത് വൃത്തിയായി അടച്ച് സൂക്ഷിക്കാനും ഒരുപാട് ദിവസങ്ങള്‍ കാത്തുവയ്ക്കാതെ പെട്ടെന്ന് തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ആ വെള്ളമായിരിക്കും കൊതുകുകളുടെ അടുത്ത വാസസ്ഥലം. 

മൂന്ന്...

അടുക്കളയിലെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ബിന്‍ എപ്പോഴും വൃത്തിയാക്കാന്‍ കരുതുക. പഴകിയ ഭക്ഷണമുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ എപ്പോഴും കൊതുകിന് വളരാനുള്ള അനുയോജ്യമായ സാഹചര്യമുണ്ടാക്കുന്നു. 

നാല്...

ഭക്ഷണസാധനങ്ങളോ മറ്റ് വീട്ടുസാധനങ്ങളോ വാങ്ങിക്കുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍- ഇവയെല്ലാം അലക്ഷ്യമായി അടുക്കളയ്ക്ക് പുറത്തേയ്ക്ക് വലിച്ചെറിയാതിരിക്കുക. ഇതില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകുകള്‍ പെരുകാനുള്ള സാധ്യതയുണ്ടാക്കുന്നു. 

അഞ്ച്...

വീട്ടിനകത്ത് വെള്ളം നിറച്ച പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തുന്നവരും മുന്‍കരുതലെടുക്കണം. ഈ വെള്ളത്തിനകത്ത് കൊതുകുകള്‍ക്ക് മുട്ടയിടാനുള്ള അവസരമുണ്ടാകുന്നു. ഇടയ്ക്കിടെ വെള്ളം മാറ്റിക്കൊടുക്കുന്നതാണ് ഇതിന് പരിഹാരം.