പെണ്‍മക്കള്‍ ഉള്ള അമ്മമാര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന സമയമാണിതെന്ന് പറയാം. പുറത്തേക്ക് പോയ തന്റെ മകള്‍ തിരിച്ചുവരുന്നതുവരെ അമ്മമാര്‍ക്ക് ആധിയാണ്. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു അമ്മയുടെ കുറിപ്പ്, പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വതന്ത്ര അവബോധം നല്‍കുന്നതാണ്. സ്വന്തം നിലപാട് വ്യക്തമാക്കാന്‍ ഒരു വൈഷമ്യവും വേണ്ടെന്നാണ് ഈ അമ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ടോണി ഹാമര്‍ എന്ന അമ്മയാണ് പെണ്‍മക്കള്‍ എങ്ങനെ വളര്‍ന്നുവരണമെന്നതടക്കം ചൂണ്ടിക്കാണിച്ചുകൊണ്ട്, സ്വന്തം മകള്‍ക്കെഴുതിയ കുറിപ്പ് ഫേസ്ബുക്കിലിട്ടത്. ആണ്‍ സുഹൃത്തിനൊപ്പം പുറത്തുകറങ്ങാന്‍ പോകാന്‍ സാധിക്കില്ലെങ്കില്‍, അത് അയാളോട് തുറന്നു പറയാനുള്ള ആര്‍ജ്ജവം പെണ്‍കുട്ടികള്‍ കാണിക്കണം. അതുപോലെ ഏറെ ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും സ്വന്തം ഇഷ്‌ടങ്ങള്‍ മാറ്റിവെക്കരുതെന്നും ഈ അമ്മ ഉപദേശിക്കുന്നു. പെണ്‍കുട്ടികളുടെ ജീവിതത്തില്‍ സ്വയം കല്‍പ്പിക്കേണ്ട, ചില നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഈ കത്ത് തികച്ചും പുരോഗമനപരമാണ്. വസ്‌ത്രധാരണത്തിലും സൗന്ദര്യബോധത്തിലുമൊക്കെ പുലര്‍ത്തേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചും ഈ അമ്മ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.

മറ്റുള്ളവര്‍ക്ക് ഇഷ്‌ടമാകില്ലെന്ന് കരുതി മുടി നീട്ടിവളര്‍ത്താതിരിക്കരുത്. മറ്റുള്ളവരുടെ പ്രേരണയാല്‍ ഇഷ്‌ടമില്ലാത്ത വസ്‌ത്രം ധരിക്കരുത്. മനസിന് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ സ്വയം ചെയ്യണം. ആരും സഹായിക്കാനില്ല എന്ന കരുതി അത് ചെയ്യാതിരിക്കരുതെന്നും അമ്മ ഉപദേശിക്കുന്നു. ആരെങ്കിലും പറഞ്ഞിട്ട് ചിരിക്കുകയോ, വിഷമം വരുമ്പോള്‍ കണ്ണീരടക്കി വീര്‍പ്പുമുട്ടി ഇരിക്കുകയോ ചെയ്യരുത്. നോ പറയേണ്ട സ്ഥലങ്ങളില്‍ അത് പറയുകതന്നെ വേണം. അവിടെ യെസ് പറഞ്ഞ്, ജീവിതത്തെ തെറ്റായദിശയിലേക്ക് നയിക്കരുത്. ധൈര്യത്തോടെയും പക്വതയോടെയും വേണം നീ വളരേണ്ടതെന്നും ആ അമ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഏതായാലും ടോണി ഹാമ്മര്‍ എന്ന ഈ അമ്മയ്‌ക്ക് സാമൂഹികമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ബുദ്ധിമതിയായ അമ്മ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. സ്വന്തം മകള്‍ക്ക് ശരിയായ വഴി കാട്ടിക്കൊടുക്കുന്ന ഈ അമ്മ, അവളില്‍ സ്വതന്ത്രബോധം വളര്‍ത്തുന്നതിലും ഊന്നല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാനാണ് ഈ അമ്മ, മകളോട് പറയുന്നത്.