Asianet News MalayalamAsianet News Malayalam

മലയാളികളിലെ ഞ‌രമ്പുരോഗികളെ കൈകാര്യം ചെയ്യാന്‍ ഒരു ഒറ്റമൂലി!; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

murali thummarukkudi fb post on women molestation getting viral
Author
First Published Oct 17, 2017, 6:58 AM IST

പൊതുവിടങ്ങളിലും മറ്റും സ്‌ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ മലയാളികളും വിഭിന്നരല്ല. ഇപ്പോള്‍ ഫേസ്ബുക്കില്‍ നടന്നുവരുന്ന #metoo കാമ്പയിനിന്റെ പശ്ചാത്തലത്തില്‍ മുരളി തുമ്മാരുക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ ഞരമ്പുരോഗികളെ ഒരു പരിധിവരെ ഒതുക്കാമെന്നാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്...

മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കില്‍ #metoo എന്നൊരു കാമ്പയിന്‍ നടക്കുകയാണ്. ഹോളിവുഡിലെ വെയ്ന്‍സ്റ്റീന്‍ സംഭവത്തെ തുടര്‍ന്ന് പാശ്ചാത്യ ലോകത്ത് ഉണ്ടായതാണ്. കുറച്ചു പെണ്‍കുട്ടികള്‍ കേരളത്തിലും അത് ചെയ്യുന്ന കണ്ടു.

ഇത്തരം സംഭവങ്ങള്‍ കേരളത്തിലും ഉണ്ടാകുന്നുണ്ട്. പക്ഷെ അത് കൂടാതെ കേരളത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്നത് മറ്റൊരു തരത്തില്‍ ഉള്ള ലൈംഗിക അതിക്രമം ആണ് എന്ന് ഞാന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. തിരക്കുള്ള സ്ഥലങ്ങളില്‍, അത് ആരാധനാലയങ്ങളില്‍ ആയാല്‍ പോലും, പൊതു ഗതാഗത സംവിധാനങ്ങളില്‍, ഇരുട്ടുള്ള ഇടങ്ങളില്‍ എല്ലാം തീരെ അപരിചിതര്‍ ആയവര്‍ ശരീരത്തില്‍ കടന്നു പിടിക്കുക എന്നതാണ് ഇത്. ഇതിനോട് കൂട്ടി വായിക്കേണ്ടതാണ് കുട്ടികളുടെ കോളേജിനും ലേഡീസ് ഹോസ്റ്റലിനും ഒക്കെ മുന്‍പില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്നവര്‍. ഇക്കാര്യത്തില്‍ ഒരു metoo കാംപയിന്ന് പ്രസക്തി ഇല്ല കാരണം ഇതില്‍ ഏതെങ്കിലും ഒന്നെങ്കിലും ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാത്ത പെണ്‍കുട്ടികളും (ഇതില്‍ പത്തു വയസ്സാവാത്ത പെണ്‍ കുട്ടികള്‍ വരെ ഉണ്ടാകും) സ്ത്രീകളും ഇന്ന് കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടോ ?

ഇതിലെ ഏറ്റവും സങ്കടം എന്തെന്ന് വച്ചാല്‍ ഈ വിഷയത്തിന്റെ വ്യാപ്തിയും ഗുരുതരാവസ്ഥയും നമ്മുടെ പുരുഷന്മാര്‍ മനസ്സിലാക്കുന്നില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഇതൊരു സാമൂഹ്യ പ്രശ്‌നമായി അധികാരികള്‍ കാണുന്നില്ല, അതൊഴിവാക്കാന്‍ ഉള്ള ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ല. മൊട്ടുസൂചിയും ആയി പെണ്‍കുട്ടികള്‍ ഇപ്പോഴും ബസില്‍ കയറേണ്ടി വരുന്നു.

ഒരു മിനുട്ടോ അതില്‍ താഴെയോ നീണ്ടു നില്‍ക്കുന്ന ഇത്തരം അനുഭവങ്ങള്‍ അത്ര വലിയ പ്രശ്‌നമാണോ എന്ന് ചിലപ്പോള്‍ തോന്നാം. ശാരീരത്തില്‍ ഉള്ള കടന്നുകയറ്റം ആണ് ഒരു മിനുട്ടില്‍ തീരുന്നത്, പക്ഷെ നമ്മുടെ ശരീരം മലിനമാക്കപ്പെട്ടു എന്ന ചിന്ത, പെണ്‍കുട്ടികള്‍ എത്ര തന്നെ പഠിച്ചാലും പദവികള്‍ നേടിയാലും 'വെറും ശരീരം' മാത്രമായിട്ടാണ് ഏറെ സമൂഹം കാണുന്നത് എന്ന ചിന്ത ഒക്കെ ദിവസങ്ങളോളം അവരോടൊപ്പം നില്‍ക്കും. ഇത്തരം അനുഭവങ്ങള്‍ ഒഴിവാക്കാന്‍ പോകേണ്ട സ്ഥലങ്ങളും യാത്ര ചെയ്യുന്ന സമയവും ആരുടെ കൂടെ യാത്ര ചെയ്യുന്നു എന്നതും ഏതു വസ്ത്രം ധരിക്കുന്നു എന്നതും ഏത് വാഹനത്തില്‍ യാത്ര ചെയ്യുന്നു എന്നതും ഒക്കെ അവര്‍ക്ക് തീരുമാനിക്കേണ്ടി വരുന്നു. അതവരുടെ വിദ്യാഭ്യാസ, തൊഴില്‍ തിരഞ്ഞെടുപ്പുകളെയും അവസരങ്ങളെയും ബാധിക്കുന്നു. കേരളത്തിന് പുറത്തു പോകുന്ന പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ വിമുഖത കാട്ടാനുള്ള ഒരു കാരണം ഇതാണ്. പുറത്തു വളരുന്ന പെണ്‍കുട്ടികളും ആയി കേരളത്തിലേക്ക് വരുമ്പോള്‍ ഇത്തരം വൃത്തികേടുകളെ മനസ്സിലാക്കി കൊടുക്കാന്‍ അമ്മമാര്‍ കഷ്ടപ്പെടുന്നു 'ഇതാണോ 'അമ്മ പറഞ്ഞ നമ്മുടെ സംസ്‌കാരം' എന്ന് കുട്ടികള്‍ ചോദിച്ചില്ലെങ്കിലും നാട്ടില്‍ പോകാന്‍ കുട്ടികള്‍ വിമുഖത കാണിക്കുമ്പോള്‍ അമ്മമാര്‍ക്ക് അവരെ നിര്‍ബന്ധിക്കാന്‍ പറ്റുന്നില്ല. ഇതെല്ലാം നമ്മുടെ  സമൂഹത്തിന് വന്‍ നഷ്ടം ഉണ്ടാക്കുന്നു. ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല.

മാറ്റിയെടുക്കാന്‍ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓരോ കുട്ടികളും ഓരോ മൊട്ടുസൂചിയും ആയി യുദ്ധം ചെയ്തല്ല ഇതിനെ നേരിടേണ്ടത്. ഇതൊരു സാമൂഹ്യ പ്രശ്‌നം ആണെന്ന് ആദ്യം സമൂഹം അംഗീകരിക്കണം. ഇതിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം എല്ലാ മാധ്യമങ്ങളും വഴി നടത്തണം.ഓരോ കോളേജിലും ഓഫീസിലും ഈ വിഷയം ചര്‍ച്ച ചെയ്യണം. ഓരോ വീട്ടിലും അമ്മമാര്‍ മക്കളോടും പെണ്‍കുട്ടികള്‍ ആങ്ങളമാരോടും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടും ഇക്കാര്യം സംസാരിക്കണം. റോഡില്‍ ഇറങ്ങിയാല്‍ ഇത്തരം വൃത്തികേടുകള്‍ കാണിക്കുന്നത് ചന്ദ്രനില്‍ നിന്നും വരുന്ന ആളുകള്‍ ഒന്നുമല്ല, നമ്മുടെ കുടുംബങ്ങളില്‍ നിന്നുള്ള ഭര്‍ത്താക്കന്മാരും, ആങ്ങളമാരും മക്കളും തന്നെ ആണ്.

പക്ഷെ പറഞ്ഞതു കൊണ്ട് മാത്രം ഈ പ്രശ്‌നം തീരില്ല. ഒരു ആഴ്ച ഇത്തരം ലൈംഗിക കടന്നു കയറ്റത്തിനെതിരെ ഒരു പോലീസ് ആക്ഷന്‍ വീക്ക് ഉണ്ടാകണം. ആ ആഴ്ചയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്യണം. ഇത്തരത്തില്‍ പിടിക്കപ്പെടുനനവരെ ഒരു ദിവസം എങ്കിലും ജയിലില്‍ ഇടണം, അവരുടെ വീട്ടിലെ സ്ത്രീകള്‍ ചെന്ന് ജാമ്യം നിന്നാലേ പുറത്തു വിടാവൂ എന്ന് ഒരു നിബന്ധന വക്കണം. വിവാഹം കഴിക്കാത്തവര്‍ ആണെങ്കില്‍ അമ്മമാര്‍, വിവാഹം കഴിച്ചവര്‍ ആണെങ്കില്‍ ഭാര്യമാര്‍, പതിനെട്ടു വയസ്സായ പെണ്‍കുട്ടികള്‍ ഉള്ളവര്‍ ആണെങ്കില്‍ അവരുടെ പെണ്‍കുട്ടികള്‍ ഇവര്‍ ആയിരിക്കണം ജാമ്യം നില്‍ക്കേണ്ടത്. ഈ ഒരാഴ്ച കേസില്‍ പെട്ട എല്ലാവരുടെയും പേരും ഫോട്ടോയും പോലീസിന്റെ വെബ്‌സൈറ്റില്‍ ഇടണം. ഈ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍ അവരുടെ മേലധികാരികളെ അറിയിക്കണം.

ഇങ്ങനെ ഒറ്റ ആഴ്ച ചെയ്താല്‍ തീരുന്ന ഞെരമ്ബ് രോഗമേ ഇപ്പോള്‍ മലയാളിക്കുളളൂ. ആളുകള്‍ ഇത് മറക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൊടുക്കുക. ഒറ്റ വര്‍ഷം കൊണ്ട് ഈ വ്യാധി നമുക്ക് തുടച്ചു നീക്കാന്‍ പറ്റും.

പക്ഷെ ഇതിന്റെ ആദ്യത്തെ പടി ഇതൊരു വ്യാപകമായ പ്രശ്‌നം ആണെന്ന കാര്യം പെണ്‍കുട്ടികള്‍ ഉയര്‍ത്തിക്കൊണ്ടു വരണം. മാധ്യമങ്ങളില്‍ ഇതൊരു ചര്‍ച്ചയാവട്ടെ. മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ഒരു കാമ്പയിന്‍ ആണിത്. അതിന് എന്ത് സഹായവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. ഞാന്‍ മാത്രമല്ല ആയിരക്കണക്കിന് പുരുഷന്മാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടു വരും.

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നൂറു ശതമാനം സാക്ഷരത ഉള്ള ഒരു സംസ്ഥാനത്ത് നമ്മുടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ ശരീരത്തിലേക്കും മനസ്സിലേക്കും അനാവശ്യമായി കടന്നുകയറ്റം ഇല്ലാതെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല എന്നത് നാടിന് അപമാനമാണ്.

Follow Us:
Download App:
  • android
  • ios