പകർച്ച വ്യാധികളിൽ ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചുവീഴുന്ന ഇൻഫ്ലുവൻസ പനിക്ക് കൂടുതൽ ഫലപ്രദമായ പ്രതിരോധ മരുന്ന് വികസിപ്പിച്ചു. അമേരിക്കയിലെ ജോർജിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെയും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെയും ഒരു സംഘം ശാസ്ത്രജ്ഞരാണ് സുപ്രധാന കണ്ടുപിടുത്തത്തിൽ എത്തിയത്.
വിവിധതരം പകർച്ചപ്പനികൾക്ക് കാരണക്കാരായ വൈറസുകൾക്ക് തുടർച്ചയായി ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ പ്രതിരോധ മരുന്നുകൾ ഒാരോ സീസണിലും പുതുക്കേണ്ടിവന്നിരുന്നു. ഇൗ പ്രശ്നം മറികടക്കാവുന്ന വിധത്തിൽ വിവിധയിനം പകർച്ചപ്പനികൾക്ക് സാർവത്രികമായി ഉപയോഗിക്കാവുന്ന പ്രതിരോധ മരുന്നാണ് ശാസ്ത്രഞ്ജരുടെസംഘം വികസിപ്പിച്ചത്. പ്രശസ്തമായ നേച്ച്വർ ഗവേഷണ ജേണലിൽ കണ്ടുപിടുത്തത്തെ അധികരിച്ചുള്ള പേപ്പർ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇൻഫ്ലുവൻസ എ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ നിലവിലുള്ള പ്രതിരോധ വാക്സിന് നിയന്ത്രിത സുരക്ഷയേ ഒരുക്കാൻ കഴിയുന്നുള്ളൂ. ഇൗ പരിമിതി മറികടക്കാൻ സാർവത്രികമായ ഇൻഫ്ലുവൻസ പ്രതിരോധ വാക്സിന് വേണ്ടിയാണ് ഗവേഷക സംഘം പരിശ്രമിച്ചത്. ഇരട്ട അടുക്കുള്ള പ്രോട്ടീൻ നാനോ കണങ്ങളിൽ നിന്നാണ് സാർവത്രികമായി ഉപയോഗിക്കാവുന്ന ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ ആയി രൂപപ്പെടുത്തുന്നതിൽ എത്തിച്ചേർന്നിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വിജയം കണ്ടതോടെയാണ് ഗവേഷണഫലം പുറത്തുവിട്ടത്.
ഒരേ ഗ്രൂപ്പിലെയോ വ്യത്യസ്തഗ്രൂപ്പിലേയോ ഇൻഫ്ലുവൻസ വൈറസുകൾ ഭാവിയിൽ ഉയർത്തുന്ന വെല്ലുവിളികളെ കൂടുതൽകാലം പ്രതിരോധിക്കാനും പുതിയ കണ്ടുപിടുത്തം സഹായകമാണ്. കൂടിച്ചേരാത്ത ശക്തമായ പ്രോട്ടീൻ നാനോ കണങ്ങളിലെ കണ്ടുപിടുത്തം പ്രോട്ടീൻ മരുന്നുകളുടെ വിപുലമായ സാധ്യതകൾ കൂടി തുറന്നുവെക്കുന്നതാണ്.
