വൈദ്യശാസ്‌ത്രത്തെ ഭീതിപ്പെടുത്തുക്കൊണ്ടിരിക്കുന്ന മാരകരോഗമാണ് ക്യാന്‍സര്‍. തുടക്കത്തിലേ കണ്ടെത്തി ചികില്‍സ നല്‍കിയില്ലെങ്കില്‍ മരണം ഉറപ്പാകുന്ന മഹാരോഗം. ക്യാന്‍സര്‍ ചികില്‍സയില്‍ ആധുനികവൈദ്യശാസ്‌ത്രം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് കൂടുതല്‍ പ്രത്യാശ നല്‍കുന്ന ഒരു പരീക്ഷണം വിജയകമാരിയിരിക്കുകയാണ് ടെക്‌സാസ് സര്‍വ്വകലാശാലയില്‍. ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയയ്‌ക്കായാണ് മാസ്‌പെക് പെന്‍ എന്ന ഉപകരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഇതുപയോഗിച്ച് സെക്കന്‍ഡുകള്‍ക്കകം ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെയും കലകളെയും കൃത്യമായി ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യാനാകും. പേനയുടെ രൂപമുള്ള ഈ ഉപകരണം ഉപയോഗിച്ച് പത്തു സെക്കന്‍ഡ് കൊണ്ട് ക്യാന്‍സര്‍ ബാധിതകോശങ്ങളെ കൃത്യമായി വേര്‍തിരിച്ച് അറിയാന്‍ സര്‍ജന്‍മാര്‍ക്ക് സാധിക്കുകയും, അവയെ മുറിച്ച് മാറ്റുകയോ, കീമോയിലൂടെ നശിപ്പിക്കാനോ കഴിയും. ക്യാന്‍സര്‍ ബാധിച്ചതും അല്ലാത്തതുമായ കോശങ്ങളെ വേര്‍തിരിച്ച് അറിയാനാണ് ഇത് സഹായിക്കുന്നത്. ഇത് ക്യാന്‍സര്‍ ചികില്‍സ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റാനാകും. ക്യാന്‍സര്‍ ചികില്‍സ കൂടുതല്‍ വിജയകരമാക്കാനാണ് ഈ ഉപകരണം സഹായിക്കുക. ടെക്‌സാസ് സര്‍വ്വകലാശാലയിലെ അസി. പ്രൊഫസര്‍ ലിവിയ ഷിയാവിനാറ്റോ എബര്‍ലിന്റെ നേതൃത്വത്തിലാണ് പുതിയ ഉപകരം വികസിപ്പിച്ചെടുത്തത്. പുതിയ കണ്ടുപിടിത്തം സംബന്ധിച്ച പഠനറിപ്പോര്‍ട്ട് സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്.