ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവന്‍ കവരുന്ന രണ്ട് അസുഖങ്ങളാണ് ഹൃദ്രോഗവും ക്യാന്‍സറും. ആധുനിക വൈദ്യശാസ്‌ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഈ രണ്ടു അസുഖങ്ങളും ഗുരുതരമായാല്‍ രോഗി രക്ഷപ്പെടാനുള്ള സാധ്യത വിരളമാകും. അതിനിടെ ക്യാന്‍സറും ഹൃദ്രോഗവും അനായാസം ചികില്‍സിച്ചു ഭേദമാക്കാനാകുന്ന ഒരു കണ്ടുപിടിത്തമാണ് ഇന്ന് ഏറെ പ്രതീക്ഷ നല്‍കുന്നത്. ഗവേഷകര്‍ കണ്ടെത്തിയ പുതിയ ജീനിന് രക്തക്കുഴലുകളുടെ രൂപീകരണം നിയന്ത്രിക്കാനാകുമത്രെ. ഇത് ക്യാന്‍സര്‍ ചികില്‍സകള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്ന് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌ന എന്നിവ ഭേദമാക്കാനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. രക്തക്കുഴലുകളുടെ കൂട്ടം രൂപപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നതിനെ ആന്‍ജിയോജെനിസിസ് എന്നാണ് വിളിക്കുന്നത്. ഇതേ വിദ്യ ഉപയോഗിച്ചാണ് ക്യാന‍്സറും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്ന് സിംഗപ്പുര്‍ ഡ്യൂക്ക്-എന്‍ എസ് യു മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ വ്യക്തമാക്കിയത്. ആന്‍ജിയോജെനിസിസ് വഴി, ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനാകും. ഇത് ഹൃദ്രോഗ ചികില്‍സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പുതിയ പഠനം സംബന്ധിച്ച കണ്ടെത്തല്‍ ജേര്‍ണല്‍ നേച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.