ലൈംഗിക താല്‍പര്യമില്ലാതാക്കുന്നതിന് പിന്നില്‍ പുതിയ ചില കാരണങ്ങള്‍ കൂടിയുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹൃദ്രോഗം, അസഹനീയമായ വേദന, ദഹനപ്രശ്‌നങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് എന്നിവയുള്ളവരില്‍ ലൈംഗിക താല്‍പര്യം കുറവായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മേല്‍പ്പറഞ്ഞ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ജീവിതത്തോട് തന്നെ അസംതൃപ്‌തി ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസംതൃപ്തി വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും തുടര്‍ന്ന് ലൈംഗിക താല്‍പര്യമില്ലായ്‌യിലേക്കും വഴി തുറക്കും. ലൈംഗികതാല്‍പര്യമില്ലായ്‌മ വിവാഹബന്ധം തകരുന്നതിലേക്ക് എത്തുമെന്നും ബ്രിട്ടനില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. 2013ല്‍ തുടങ്ങിയ നാഷണല്‍ സര്‍വ്വേ ഓഫ് സെക്ഷ്വല്‍ ആറ്റിറ്റ്യൂഡ്സ് ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍സ്(നാറ്റ്സാല്‍) എന്ന പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പഠനത്തില്‍ പങ്കെടുത്തതില്‍ പകുതിയിലേറെ പേര്‍ക്കും ലൈംഗികതാല്‍പര്യമില്ലാതാക്കുന്നത് മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഹൃദ്രോഗം ബാധിച്ചവര്‍ ഹാര്‍ട്ട് അറ്റാക്ക് വരുമോയെന്ന ഭയംകൊണ്ട് സെക്‌സില്‍നിന്ന് വിട്ടുനില്‍ക്കുന്നു. വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നിന്റെ പ്രവര്‍ത്തനഫലമായി സെക്‌സിനോട് വിരക്തിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പ്രത്യേകിച്ചും പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ ഇത്തരം ലൈംഗികവിരക്തി 40 ശതമാനം അധികമാണെന്നും പഠനത്തില്‍ വ്യക്തമായി. എന്തെങ്കിലും ശാരീരികമോ, മാനസികമോ ആയ വേദന കാരണം സെക്‌സില്‍നിന്ന് വിട്ടുനില്‍ക്കുന്നവരുമുണ്ട്. അതുപോലെ വളരെയധികം പേര്‍ ഒരു പ്രായം പിന്നിടുമ്പോള്‍ ലൈംഗികതയില്‍ താല്‍പര്യക്കുറവ് കാണിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. ബ്രിട്ടനില്‍ 64 ശതമാനം പേര്‍ മാത്രമാണ് ലൈംഗിക ജീവിതത്തില്‍ സംതൃപ്തിയുള്ളതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
