ഗുരുവായൂരില്‍ വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം താലി ഊരി വരന് നല്‍കി യുവതി കാമുകനൊപ്പം പോയ വാര്‍ത്ത കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യുവാവിനെ 'തേച്ചിട്ടുപോയ' യുവതി എന്ന തരത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഫേസ്ബുക്കില്‍ ഉള്‍പ്പടെ നിറഞ്ഞിരുന്നു. അതിനുശേഷം വലിയൊരു ദുരന്തം ഒഴിഞ്ഞുപോയ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വരന്റെ ചിത്രവും ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, ഈ സംഭവത്തിൽ പെണ്‍കുട്ടിക്ക് പറയാനുള്ള കാര്യം സുഹൃത്തുക്കളിലൂടെ പുറത്തുവന്നിരിക്കുന്നു. പ്രണയബന്ധം ഉള്ള കാര്യം വീട്ടുകാരെയും വരനെയും മുന്‍കൂട്ടി അറിയിച്ചിരുന്നതായാണ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവര്‍ വിവാഹവുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. വീട്ടുകാരുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വിവാഹത്തിനായി മണ്ഡപത്തില്‍ കയറേണ്ടിവന്നതും താലികെട്ടിന് നിന്നുകൊടുക്കേണ്ടിവന്നതും. എന്നാൽ ഒരാളെ സ്‌നേഹിച്ചുകൊണ്ട് മറ്റൊരാളുടെ ഭാര്യയായി ജീവിക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചതോടെയാണ് താന്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചതെന്നും യുവതി പറയുന്നു.

ഗുരുവായൂരില്‍വെച്ച് ഞായറാഴ്‌ചയാണ് വിവാഹവിവാദം ഉണ്ടായത്. താലികെട്ട് കഴിഞ്ഞ് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാന്‍ ഒരുങ്ങവെയാണ്, കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുകയാണെന്നും യുവതി, വരനോട് പറയുന്നത്. ഉടന്‍ താലി ഊരിനല്‍കി യുവതി പോകാന്‍ തുടങ്ങി. ഈ സമയം വരന്‍ രോഷാകുലനായതോടെ ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ലായി മാറി. പിന്നീട് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പില്‍, വരന്റെ വീട്ടുകാര്‍ക്ക് എട്ടു ലക്ഷം രൂപ നല്‍കാന്‍ ധാരണയാകുകയായിരുന്നു. സംഭവം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയില്‍ വലിയ വാര്‍ത്തയായി മാറി. വരനെ ചതിച്ചിട്ടുപോയ യുവതി എന്ന നിലയ്‌ക്ക് അവര്‍ക്കെതിരെ രൂക്ഷമായ ആക്രമണങ്ങളുമായി സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേര്‍ രംഗത്തെത്തി. ഈ ആക്രമണങ്ങള്‍ക്ക് കൊഴുപ്പേകി, വരന്റെ വീട്ടിലെ കേക്ക് മുറിച്ചുള്ള ആഘോഷത്തിന്റെ ഫോട്ടോകളും എത്തി. എന്നാല്‍ പെണ്‍കുട്ടി അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയതോടെ സംഭവത്തില്‍ വന്‍ വാദപ്രതിവാദങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയത്. ഇതിനിടെയാണ് പ്രണയത്തിന്റെ കാര്യം അറിയിക്കേണ്ടവരെ നേരത്തെ അറിയിച്ചിരുന്നതായുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.