നുരഞ്ഞ് പതയുന്ന ഒരു ഗ്ലാസ് വൈന്‍ കൊണ്ട് അമേരിക്കന്‍ വന്‍കര കീഴടക്കാന്‍ ഒരുങ്ങുകയാണ് സ്‌പെയിന്‍കാരായ അഞ്ച് കൂട്ടൂകാര്‍. വെറും വൈനല്ല. ബ്ലൂ വൈന്‍. ഇത് വരെ കണ്ടിട്ടില്ലാത്ത നിറത്തില്‍ വൈനിന്‍റെ പുതുരുചി സമ്മാനിക്കുയാണ് ഇവര്‍. കണ്ടുപരിചയിച്ച, രുചിച്ച് മടുത്ത വൈനുകള്‍ക്ക് വിട.

ലഹരിയുടെ ലോകത്തെ ഏറ്റവും പുതുപരീക്ഷണമായി മാറികഴിഞ്ഞു ബ്ലൂവൈന്‍. ജിക് എന്നാണ് ഇതിന്‍റെ ബ്രാന്‍റ് നെയിം. സ്‌പെയിനിലെ വിവിധ മുന്തരിത്തോട്ടങ്ങളില്‍ നിന്ന് ശേഖരിച്ച ചുവപ്പ്, വെള്ള മുന്തരികളില്‍ നിന്നാണ് ബ്ലൂ വൈനിന്‍റെ ഉത്പാദനം. വൈന്‍ എന്ന് പേരേയുള്ളൂ. 11.5 ശതമാനം ആല്‍ക്കഹോള്‍ അംശം കലര്‍ന്നതാണ് ബ്ലൂ വൈന്‍. അതുകൊണ്ട് തന്നെ വൈന്‍ എന്ന് ഇതിനെ വിളിക്കുന്നത് സ്‌പെയിന്‍ നിരോധിച്ച് കഴിഞ്ഞു.

നീല നിറമായത് കൊണ്ട് യൂറോപ്പിയന്‍ യൂണിയനും ജിക്കിനെ വൈനായി അംഗീകരിക്കാന്‍ തയാറായിട്ടില്ല. അങ്ങനെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതല്ല ബ്ലൂ വൈനിന്‍റെ രുചി എന്നാണ് ഇതിന്‍റെ നിര്‍മാതാക്കള്‍ തന്നെ പറയുന്നത്. ചിലര്‍ക്ക് ഇത് മധുരിക്കും. മധുരം പോര എന്ന് ചിലര്‍ പറയും. ലഹരിയില്‍ പ്രത്യേകിച്ച് നിയമമൊന്നും പാലിക്കാത്തവര്‍ക്ക് ആവോളം ആസ്വദിക്കാനുള്ളതാണ് ബ്ലൂ വൈന്‍ എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

25 രാജ്യങ്ങളിലായി ഇതിനോടകം 400,000 ജിക്ക് വൈന്‍ കുപ്പികള്‍ വിറ്റുകഴിഞ്ഞു. യുകെ, ജപ്പാന്‍, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളാണ് പ്രധാന ഉപഭോക്താക്കള്‍. വൈകാതെ അമേരിക്കയിലും എത്തും ബ്ലൂ വൈന്‍. അതോടെ ലഹരി വിപണി കീഴടക്കാം എന്നാണ് ജിക്കിന്‍റെ പിന്നിലുള്ളവരുടെ പ്രതീക്ഷ.

പരമ്പാരഗത വൈന്‍ ഉത്പാദന രീതിയില്‍, നൂറു ശതമാനം നാച്ചുറലായി ഉണ്ടാക്കുന്നതാണ് ജിക്കെന്ന് നിര്‍മാതാക്കള്‍ പറയുന്നു. നീലക്കളര്‍ ലഭിക്കാന്‍ പ്രത്യേകിച്ച് ഒരു പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ല. പിന്നെ എവിടെ നിന്നാണ് ഈ നീലക്കളര്‍ എന്നല്ലേ. പല തരം മുന്തരികളുടെ സമ്മിശ്രണവും, കട്ട ചുവപ്പന്‍ മുന്തരിത്തൊലിയുടെ അരപ്പുമാണത്രേ നീലനിറത്തിന് പിന്നില്‍ നിറം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ബ്ലൂവൈന്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഇത് ഒരു വെറും വൈന്‍ അല്ലത്രേ. ഒരു ഗ്ലാസില്‍ ഒരു മുന്തിരത്തോട്ടം ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നാണ് ബ്ലൂവൈന്‍ ആരാധകരുടെ പക്ഷം.