പാന്‍കേക്ക് കഴിച്ചയുടന്‍ കുഴഞ്ഞുവീണ് ഒമ്പതുവയസുകാരി മരണപ്പെട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. വടക്കുകിഴക്കന്‍ ലണ്ടനിലാണ് പാന്‍കേക്കില്‍ ഒരു കടി മാത്രം കടിച്ചയുടന്‍ നൈനിക ടികൂ എന്ന പെണ്‍കുട്ടി കുഴഞ്ഞുവീണത്. ബ്ലാക്ക്ബെറിയുള്ള പാന്‍കേക്കാണ് കുട്ടി കഴിച്ചത്. ഇതുവരെ നൈനിക ബ്ലാക്ക്ബെറി പാന്‍കേക്ക് കഴിച്ചിട്ടില്ലായിരുന്നു. ഏറെനാളായി ഇതു വേണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടിക്ക് ബ്ലാക്ക്ബെറി പാന്‍കേക്ക് വാങ്ങിനല്‍കിയത്. എന്നാല്‍ ഒരുകടി മാത്രം കടിച്ച പെണ്‍കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍സംഘത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെങ്കിലും, അവര്‍ എത്തുന്നതിന് മുമ്പ്തന്നെ പെണ്‍കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. വിഷവസ്‌തു അടങ്ങിയതിനാലാണ് പെണ്‍കുട്ടി മരിക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ലണ്ടനില്‍ ഇത്തരം മോശം ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചെയ്യുന്നത്. ഇനിയൊരു കുട്ടിക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.