ക്രൂരയെന്ന് വിളിച്ച് മാറ്റി നിര്‍ത്തിയ സമൂഹം ഇന്നവളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നു 

മധുര: വിവാഹമോചനത്തിന് ശേഷം തിരികെയെത്തിയ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വനിതയെന്ന നിലയില്‍ ആയിരുന്നു അന്ന് ഉഷ നിന്നത് . കോടതിയില്‍ കുറ്റം സമ്മതിച്ച ഉഷയെ പക്ഷേ കോടതി വെറുതെവിട്ടു. എന്നാല്‍ സമൂഹം അവളെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. ഉഷ റാണിയെന്ന തമിഴ്നാട്ടുകാരിയേയും മക്കള്‍ക്ക് നേരെയും സമൂഹം മുഖം തിരിച്ചു. എന്നാല്‍ നിരാശയില്‍ കുതിര്‍ത്ത് ജീവിതം കളയാന്‍ അവള്‍ തയ്യാറായിരുന്നില്ല. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അവളെ അവഗണിച്ച അതേ സമൂഹ അവളെ അംഗീകരിക്കുകയാണ്. അവള്‍ ചെയ്തത് ശരിയായിരുന്നെന്ന് കാലം തെളിയിച്ചതിന്റെ ആശ്വാസത്തിലാണ് ഉഷയുള്ളത്. 

ചാരത്തില്‍ നിന്ന് ഉയര്‍ന്ന ഒരു വനിതാ സംരംഭകയായിയാണ് ഉഷയെ ഇന്ന് ലോകമറിയുന്നത്.അവരെ കൊലപാതകിയാക്കിയ സാഹചര്യത്തെക്കുറിച്ച് ഇന്ന് എല്ലാവര്‍ക്കും അറിയാം. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം തിരികെ പിടിക്കുന്നത് എന്നതിന് ഉഷയിന്ന് ഒരുപാട് പേര്‍ക്ക് മാതൃകയാണ്. ഉഷാ റാണിയെന്ന തമിഴ്നാട്ട്കാരിയുടെ സമാധാനപരമായ ജീവിതം താറുമാറായത് പതിനെട്ട് വയസിലെ വിവാഹത്തോടെയാണ്. മക്കളെ തുല്യരായ വളര്‍ത്തിയ വീട്ടിലെ സാഹചര്യത്തില്‍ നിന്ന് അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ജ്യോതി ബസുവിനെ അവള്‍ക്ക് ഭയമായിരുന്നു

പഠനം തുടരാന്‍ ആഗ്രഹിച്ചെങ്കിലും എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ഭര്‍ത്താവ് അവളെ അതിന് അനുവദിച്ചില്ല. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഉഷയുടെ സഹോദരന് ഭര്‍ത്താവിന്റെ സഹോദരിയുടെ വിവാഹാലോചന കൊണ്ടുവന്നത് ഇഷ്ടമാകാതിരുന്നത് അവളുടെ ജീവിതം നരകമാക്കി. 14 വയസ് മാത്രമുള്ള മകളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചത് ചെറുത്തതോടെ ഉഷയുടെ ഇരു കാലുകളും ഭര്‍തൃവീട്ടുകാര്‍ തല്ലിയൊടിച്ചു. ആശുപത്രിയിലായ അവളുടെ കഷ്ടപ്പാടിനെക്കുറിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞത് രണ്ട് വയസുള്ള മകനായിരുന്നു. വിവാഹമോചനത്തിന് തീരുമാനിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ അവളെ മോഷണക്കേസില്‍ കുടുക്കി. സത്യാവസ്ഥ ബോധ്യമായ കോടതി അവളെ വെറുതെ വിട്ടു.

ഉഷയുടെ അവസ്ഥ മനസിലായ മധുര സർക്കാർ ആശുപത്രിയിൽ കാഷ്യറായി അവര്‍ക്ക് ജോലി നല്‍കി. ജോലിക്കൊപ്പം പഠനം തുടങ്ങിയ ഉഷ ബിരുദ പഠനം പൂര്‍ത്തിയാക്കി. മക്കളുടെ വിദ്യാഭ്യാസ വിഷയങ്ങളുമായി മുന്നോട്ട് പോയ ഉഷയെ തേടി ഭര്‍ത്താവ് വീണ്ടുമെത്തി. മക്കളെ കരുതി ഭര്‍ത്താവിനെ സ്വീകരിച്ചെങ്കിലും ഭാര്യയായി കഴിയാന്‍ ഉഷ തയ്യാറായില്ല. എയ്ഡ്സ് രോഗിയായി തിരികെയെത്തിയ ഭര്‍ത്താവ് പതിയെ തന്റെ തനിനിറം കാണിച്ചത് വേദനിപ്പിച്ചെങ്കിലും ഉഷ ക്ഷമിച്ചു. പക്ഷേ തന്റെ താല്‍പര്യത്തിന് ഉഷ വഴങ്ങാതെ വന്നതോടെ മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ ഉഷയുടെ നിയന്ത്രണം വിട്ടു പോയി. മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അനക്കമില്ലാതാകുന്നവരെ ഉഷ ഭര്‍ത്താവിനെ തല്ലി.

പൊലീസില്‍ കീഴടങ്ങിയ ഉഷയെ സാഹചര്യവും മാനഭംഗ ശ്രമത്തിനിടയിലോ ഒരാള്‍ സ്വയരക്ഷക്കായി കൊല ചെയ്‌താല്‍ ലഭിക്കാവുന്ന നിയമാനുകൂല്യം നല്‍കി ഉഷയെ വിട്ടയച്ചു. ഇതിന് ശേഷം ബിരുദാനന്തര ബിരുദം നേടിയ ഉഷ ബാങ്കില്‍ ജോലി നേടിയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കൊലയാളിയെന്ന് വിളിച്ച സമൂഹം ഇപ്പോള്‍ തന്നെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതില്‍ ഉഷയ്ക്ക് സന്തോഷമുണ്ട്. മക്കളെ ഉയര്‍ന്ന നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമായ കൊണ്ടു പോവുകയാണ് ഉഷയിന്ന്.