ദില്ലി: രാജ്യത്തെ ഉള്ളിവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ കുതിക്കുകയാണ്. ഒരു കിലോ ഉള്ളിക്ക് 200 രൂപവരെ എത്തിയെന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നപോള്‍ ഇന്ത്യയിലെ മദ്യപാനികളുടെ കരളിന്‍റെ അമിത പ്രവര്‍ത്തനത്തിന് ചെറിയൊരു ഇടവേളയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉള്ളിവില കൂടിയ ശേഷം രാജ്യത്തെ മദ്യ ഉപഭോഗം കുറഞ്ഞു എന്ന് ഒറ്റവാചകത്തില്‍ പറയാം.

ഉള്ളിവില കൂടിയതോടെ അടുക്കള ചിലവ് വര്‍ധിച്ചതാണ് മദ്യ ഉപഭോഗം കുറയാന്‍ കാരണമെന്നാണ് വ്യക്തമാകുന്നത്. വര്‍ഷാവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മദ്യ വില്‍പ്പന-ഉപഭോഗത്തിന്‍റെ വളര്‍ച്ച ചുരുങ്ങുകയാണെന്ന് ബിസിനസ് ലൈന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മദ്യ വില്‍പ്പനയുടെ വളര്‍ച്ച ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അവസാന പാദത്തില്‍ രണ്ടക്ക വളര്‍ച്ചയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനം കുറഞ്ഞതായി ഡിയാജിയോ കമ്പനി സി ഇ ഒ ആനന്ദ് ക്രിപാലു തന്നെ സമ്മതിച്ചിട്ടുണ്ട്. പല വിധ കാരണങ്ങളാല്‍ മദ്യ വില്‍പ്പനയില്‍ ഇടിവുണ്ടായെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിപണിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ലോകത്തിലെ രണ്ടാമത്തെ മദ്യ വില്‍പ്പന കമ്പനിയായ പെര്‍നോഡ് റിച്ചാര്‍ഡ്സിനാകട്ടെ ഇന്ത്യയില്‍ മൂന്ന് ശതമാനത്തിലധികമാണ് ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷം 34 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ കാലയളവിലുണ്ടായിരുന്നതെന്ന് കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിപണിയുടെ അന്തരീക്ഷത്തിലുണ്ടായ മാറ്റമാണ് ഇടിവിന് കാരണമെന്നാണ് കമ്പനി എം ഡി പറയുന്നത്.

മദ്യ വില്‍പ്പനയിലും ഉപഭോഗത്തിലും ഇടിവുണ്ടായെങ്കിലും പ്രീമിയം ബ്രാന്‍ഡുകളെ അത് ബാധിച്ചിട്ടിലെന്നും കണക്കുകള്‍ പറയുന്നു. ഷിവാസ് റീഗലും ജോണിവാക്കറും ജാക്ക് ഡാനിയേലും പോലുള്ള മദ്യങ്ങളുടെ വില്‍പ്പന ഈ വര്‍ഷത്തെ മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മികച്ചതാണെന്ന് കമ്പനികള്‍ പറയുന്നു. വിലകുറഞ്ഞ മദ്യങ്ങളുടെ വില്‍പ്പനയിലാണ് ഇടിവെന്നത്, ഉള്ളവിലയിലടക്കമുണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഉള്ളിവിലയിലടക്കമുണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് അടുക്കള ചിലവ് വര്‍ധിച്ചതോടെ സാധാരണക്കാരുടെ പോക്കറ്റിലെ കാശ് പെട്ടെന്ന് കാലിയാകുകയാണ്.