അങ്ങനെ മറ്റൊരു ക്രിസ്‌മസ് കൂടി വന്നെത്തി. ക്രിസ്‌മസിന് ഒഴിച്ചുകൂടാനാകാത്തവയാണ് കേക്കുകള്‍. രുചികരവും വൈവിധ്യമാര്‍ന്നതുമായ കേക്കുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, ഒന്നു മനസ് വെച്ചാല്‍ ആകര്‍ഷകമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇവിടെയിതാ, ഓറഞ്ച് സ്‌പഞ്ച് കേക്ക് എങ്ങനെ തയ്യാറാക്കാം എന്നുനോക്കാം...

ആവശ്യമായ ചേരുവകള്‍:

1) മുട്ട - 6 എണ്ണം
(അധികമായ ഒരു മുട്ട വെള്ള വേണം. ആകെ ഏഴ് മുട്ട)
2) മൈദ - 2 1/4 കപ്പ്
3 ) പഞ്ചസാര പൊടിച്ചത് - 1 1/2 കപ്പ് (കാല്‍ കപ്പ് പഞ്ചസാര മാറ്റിവെയ്ക്കണം )
4) ബേക്കിങ് പൗഡര്‍ - 1 ടേബിള്‍ സ്പൂണ്‍
5 ) ഉപ്പ് - 1/2 ടീസ്പൂണ്‍
6 ) ഓറഞ്ച് സെസ്റ്റ് (ഔട്ടര്‍ സ്‌കിന്‍) - രണ്ടു ടേബിള്‍ സ്‌പൂണ്‍
7 ) വെജിറ്റബിള്‍ ഓയില്‍ - അര ഗ്‌ളാസ്സ്
8 ) ഓറഞ്ച് ജ്യൂസ് - മുക്കാല്‍ ഗ്‌ളാസ്സ്.
( രണ്ടു-മൂന്ന് ഓറഞ്ചില്‍ നിന്നുള്ള ജ്യൂസ് )
9) വനില എസ്സന്‍സ്സ് - ഒരു ടീ.സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:

ആദ്യമെ തന്നെ നമുക്ക് മുട്ട വെള്ളയും മഞ്ഞയും സെപ്പറേറ്റ് ചെയ്ത് വെയ്ക്കാം.

അടുത്തതായി മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് യോജിപ്പിച്ച് ഇടഞ്ഞു വെയ്ക്കുക.

ഒരു ബൗളില്‍ മൈദ ഇടുക. അതിലേക്ക് മുട്ട മഞ്ഞ ചേര്‍ത്ത് ബീറ്റ് ചെയ്യുക. അടുത്തത് വെജിറ്റബില്‍ ഓയില്‍ ചേര്‍ത്ത് ബീറ്റ് ചെയ്യണം. ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് ബീറ്റ് ചെയ്യണം. ഓറഞ്ച് ഔട്ടര്‍ സ്‌കിന്‍ ഗ്രേറ്റ് ചെയ്തത്, വനില എസ്സന്‍സ് ചേര്‍ത്ത് ബീറ്റ് ചെയ്ത് മാറ്റിവെയ്ക്കുക.

മറ്റൊരു ബൗളില്‍ മുട്ട വെള്ള പതപ്പിക്കണം. ബീറ്റര്‍ നന്നായി വാഷ് ചെയ്യണം. ആദ്യം മുട്ട വെള്ള നന്നായി ഒന്ന് പതപ്പിക്കുക. പിന്നീട് കുറെശെയായി മാറ്റി വെച്ചിരിക്കുന്ന അമ്പത് ഗ്രാം പൊടിച്ച പഞ്ചസാര കുറെശെ ചേര്‍ത്ത് കൊടുക്കുക. നന്നായി പതഞ്ഞു വരും.

ഇനി പരസ്പരം ഫോള്‍ഡ് ചെയ്താല്‍ മതി. വളരെ ശ്രദ്ധയോടെ വേണം ചെയ്യാന്‍. ഇതിനായി റബ്ബര്‍ സ്‌പാറ്റുലയോ വയര്‍ വിസ്‌ക്കോ ഉപയോഗിക്കാം. വയര്‍ വിസ്‌ക്കില്‍ മുട്ട വെള്ള കോരിയെടുത്തത് മുട്ട മഞ്ഞ മിശ്രിതത്തിലേക്ക് ശ്രദ്ധയോടെ ഫോള്‍ഡ് ചെയ്യുക. ഇങ്ങനെ മൂന്ന് സ്‌റ്റെപ്പായി വേണം ചെയ്യാന്‍.

325 എ(170ഇ) ചൂടായ ഓവനില്‍ 35-40 മിനിട്ട് ബേക്ക് ചെയ്യാം. 10 ഇഞ്ച് / 25 സെ.മീ വലിപ്പമുള്ള പാന്‍ ഉപയോഗിക്കാം.

കേക്ക് ഐസിങ് ചെയ്യുന്നവിധം-

ഓറഞ്ച് സ്പഞ്ച് കേക്ക് ബട്ടര്‍ ഐസിങ്ങ് ഡെക്കറേഷന്‍ ചെയ്തത്. ബാസ്‌ക്കറ്റ് വീവ്‌സ് ഡിസൈന്‍ ആണ് ചെയ്തിരിക്കുന്നത്.

ഐസിങ്ങിനു വേണ്ട ചേരുവകള്‍:

ബട്ടര്‍ - 300 ഗ്രാം
ഐസിങ്ങ് ഷുഗര്‍ - 500 ഗ്രാം
മില്‍ക്ക് - ഒരു ടേബിള്‍ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:

ബട്ടര്‍ ആദ്യം നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് കുറെശ്ശെ ഐസിങ്ങ് ഷുഗര്‍ ചേര്‍ത്ത് ബീറ്റ് ചെയ്യുക. ഒരു ടേബിള്‍ സ്‌പൂണ്‍ പാലും ചേര്‍ത്ത് സോഫ്റ്റ് ആകുന്നതു വരെ ബീറ്റ് ചെയ്യുക.

തയ്യാറാക്കിയത്- അനിലാ ബിനോജ്