സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2017 ല്‍ അവയവദാനത്തിന് തയാറായത് വെറും 18 പേര്‍. കഴിഞ്ഞ വര്‍ഷം ആകെ 60 അവയവങ്ങള്‍ മാത്രമാണ് ദാനം ചെയ്തത്. മസ്തിഷ്ക മരണം സംബന്ധിച്ച ആശങ്കകളും കേസുകളും അവയവദാനത്തിന് തിരിച്ചടിയായി. 

1653 പേരാണ് വൃക്കയ്ക്കായി കാത്തിരിക്കുന്നത്. കരളിനായി 339 ഉം, ഹൃദയത്തിനായി 30 ഉം, പാന്‍ക്രിയാസിനും വൃക്കയ്ക്കുമായി 24 പേരും കാത്തിരിക്കുന്നു. കൈയ്ക്കായി എട്ട് ആളുകളും ശ്വാസകോശത്തിനായി ഒരാളുമാണ് കാത്തിരിക്കുന്നത്. കാത്തിരിപ്പ് നീളുന്തോറും ഈ രോഗികളുടെ അവസ്ഥയും സങ്കീര്‍ണമാകുകയാണ്. 2016ല്‍ 72 പേരില്‍ നിന്നായി 199 അവയവങ്ങള്‍ ദാനം ചെയ്തപ്പോഴാണ് ഈ സ്ഥിതി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനെപ്പറ്റി ഉയര്‍ന്ന സംശയങ്ങളും കേസുകളുമാണ് ഈ കുറവിന് കാരണമായത്. 

മരണാനന്തര അവയവദാനം തുടങ്ങിയ 2012 ല്‍ 9 ദാതാക്കളില്‍ നിന്നായി 22 അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. 2013 ല്‍ 36 പേരില്‍ നിന്ന് 88, 2014 ല്‍ 58 പേരില്‍ നിന്ന് 156 , 2015 ല്‍ അത് 76 പേരില്‍ നിന്ന് 218 ആയി. 2016 ല്‍ 72 പേരില്‍ നിന്ന് 199 അവയവടങ്ങള്‍ ദാനം ചെയ്തു. എന്നാല്‍ 2017 ല്‍ അവയവദാനത്തിന് തയാറായത് വെറും 18 പേര്‍ മാത്രം. മസ്തിഷ്ക മരണം സംബന്ധിച്ചുയര്‍ന്ന ആശങ്കകളും കേസുകളും അവയവദാനത്തിന് തിരിച്ചടിയായത്. എന്നാല്‍ ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുമില്ല.