Asianet News MalayalamAsianet News Malayalam

കുഞ്ഞുങ്ങളിലെ പനി അപസ്മാരത്തിന് വഴി വച്ചേക്കാം; കരുതേണ്ട കാര്യങ്ങള്‍

പനി കൂടുന്നതിന്‍റെ ഭാഗമായി അപസ്മാരമുണ്ടായാല്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ നല്‍കുകയും അരുത്

over temperature during fever in children may lead to hysteria

ആറ് മാസം മുതല്‍ അഞ്ച് വയസ്സുവരെ പനി മൂലം ശരീര താപനില കൂടിയാല്‍ കുട്ടികളില്‍ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് തീരെ ചെറിയ കുട്ടികള്‍ക്ക് പനി വന്നാല്‍ നന്നായി ശ്രദ്ധിക്കണം. പനി മൂലമുള്ള അപസ്മാരത്തിന് ഫെബ്രയില്‍ സീഷര്‍ ( febrile seizure) എന്നാണ് പറയുക. ഒരു തവണ ഇങ്ങനെ സംഭവിച്ചാല്‍, പിന്നീട് ഒരു പ്രായം വരെ പനി വരുമ്പോഴെല്ലാം അപസ്മാരം വരാനുള്ള സാധ്യതയുണ്ടായിരിക്കും.

പൊതുവേ പനി തുടങ്ങി 24 മണിക്കൂറിനുള്ളില്‍ തന്നെ അപസ്മാരം കണ്ടുവരുന്നു. കുട്ടികളില്‍ ചില കുത്തിവെപ്പ് എടുക്കുമ്പോഴുണ്ടാകുന്ന പനിയുടെ തുടര്‍ച്ചയായും അപസ്മാരം അനുഭവപ്പെടാം. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലാണ് പനി മൂലമുള്ള അപസ്മാരം കണ്ടുവരുന്നത്, ഇതില്‍ പ്രത്യേകിച്ച് ഒരു വയസ്സിനും ഒന്നര വയസ്സിനുമിടയിലാണ് സാധ്യത കൂടുതല്‍. 

രോഗലക്ഷണങ്ങള്‍...

  • ശരീര താപനില 100.4 F(38 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലാകുന്നത്. 
  • ബോധം നഷ്ടപ്പെടുന്നത്...
  •  കൈകാലുകള്‍ മുറുക്കി പിടിക്കുകയോ അല്ലെങ്കില്‍ വിറയല്‍ അനുഭവപ്പെടുകയോ ചെയ്യുന്നത്...
  • അറിയാതെ മലമൂത്ര വിസ്സര്‍ജനം ചെയ്യുന്നത്...
  • ഛര്‍ദിയുണ്ടാകുന്നത്...
  • കണ്ണുകള്‍ ഉരുണ്ട് പിറകോട്ട് പോകുന്നത്...

ഫെബ്രയില്‍ സീഷര്‍ രണ്ട് തരത്തില്‍ ഉണ്ട്.
 

1. സിംപിള്‍ ഫെബ്രയില്‍ സീഷര്‍- കുറച്ച് നിമിഷങ്ങള്‍ മുതല്‍ 15 മിനുറ്റ് വരെ നീണ്ട് നില്‍ക്കുന്ന അപസ്മാരമാകാം ഇത്. 24 മണിക്കൂറില്‍ ഒരു തവണ മാത്രമേ ഇത് വരാന്‍ സാധ്യതയുള്ളൂ. ആ സമയത്ത് ശരീരം മുഴുവന്‍ അപസ്മാരം അനുഭവപ്പെടാം. 

2. കോംപ്ലക്‌സ് ഫെബ്രയില്‍ സീഷര്‍- 15 മിനുറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന അപസ്മാരമായിരിക്കും ഇത്. 24 മണിക്കൂറില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇത് അനുഭവപ്പെടാം. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമേ അനുഭവപ്പെടുകയുമുള്ളൂ. 

കുട്ടികളിലെ പനിയെ എങ്ങനെ പരിചരിക്കാം?

പനി അധികമാണെങ്കില്‍ ദേഹം പച്ചവെള്ളത്തില്‍ മുക്കിയ തുണിയുപയോഗിച്ച് തുടയ്ക്കുക. ചൂട് കുറയാന്‍ അത് സഹായിക്കും. പാരസെറ്റമോളും കൊടുക്കുക, ഇതും ചൂട് കുറയ്ക്കാന്‍ സഹായിക്കും. എന്നിട്ടും കുറയുന്നില്ലെങ്കില്‍ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.

അപസ്മാരമുണ്ടായാല്‍...
 

അപസ്മാരം ഉണ്ടായാല്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുക. ഛര്‍ദി, ശ്വാസംമുട്ടല്‍, മയക്കം, കഴുത്തിന് പിടിത്തം പോലെയൊക്കെ അനുഭവപ്പെട്ടാലും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കില്‍ മെഫ്താല്‍, ബ്രൂഫെന്‍ എന്നീ മരുന്നുകള്‍ കൊടുക്കാവുന്നതാണ്.  അതുപോലെ ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കില്‍ പനിയെ തുടര്‍ന്ന് അപസ്മാരം വരാറുള്ള കുട്ടികള്‍ക്ക്, Clonazepam, Diazepam എന്നീ മരുന്നുകളും കൊടുക്കാം. 


പരിശോധനകള്‍...

  • രക്തവും, മൂത്രവും പരിശോധിക്കാന്‍ ഡോക്ടര്‍ക്ക് നിര്‍ദേശിക്കാം
  • തലച്ചോറിന്റെ പ്രവര്‍ത്തനം അറിയുവാനായി EEG എടുക്കുവാന്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശിക്കാം.
  • നട്ടെല്ല് കുത്തി CSF പരിശോധിയ്ക്കുവാന്‍ ഡോക്ടര്‍ക്ക് നിര്‍ദ്ദേശിക്കാം.

കുട്ടികളില്‍ പനി കൂടി അപസ്മാരം വരാതെ നോക്കുക. ഒരു തവണ വന്നാല്‍ 5 വയസ്സ് വരെ പനി വരുമ്പോള്‍ വീണ്ടും ഇത് വന്നേക്കാമെന്നതിനാല്‍, വരാതെ നോക്കുകയാണ് ഉത്തമം. കുട്ടികളിലെ താപനില കൂടാതെ കരുതല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ. 

Follow Us:
Download App:
  • android
  • ios