305 യാത്രക്കാരുമായി വിമാനം പറക്കവെ മുഖ്യ പൈലറ്റ് ബിസിനസ് ക്ലാസില്‍ സുഖമായി ഉറങ്ങി. പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍നിന്ന് ലണ്ടനിലേക്ക് പോയ വിമാനത്തിലാണ് മുഖ്യ പൈലറ്റ് ഉറങ്ങിപ്പോയത്. പൈലറ്റ് ആമിര്‍ അക്തര്‍ ഹാഷ്‌മിയെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുറത്താക്കിയിട്ടുണ്ട്. ബിസിനസ് ക്ലാസിലെ കാബിന്‍ സീറ്റില്‍ രണ്ടര മണിക്കൂറോളം ഹാഷ്‌മി ഉറങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ സമയം ജൂനിയര്‍ പൈലറ്റാണ് വിമാനം പറത്തിയത്. പരിചയക്കുറവ് ഉള്ള ജൂനിയര്‍ പൈലറ്റ് ഒറ്റയ്‌ക്ക് വിമാനം പറത്തിയത് ഏറെ ഗൗരവകരമായാണ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കാണുന്നത്. പ്രതികൂല സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, വിമാനദുരന്തം ഉണ്ടാകാമായിരുന്ന അവസ്ഥയാണിത്. പൈലറ്റ് ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ബിസിനസ് ക്ലാസില്‍ യാത്രചെയ്‌തിരുന്ന ഒരാളാണ് പൈലറ്റ് ഉറങ്ങുന്ന ദൃശ്യം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ, ഒരു മുതിര്‍ന്ന ജീവനക്കാരന്‍ പൈലറ്റിനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൈലറ്റ് കുറ്റക്കാരനാണെന്ന് വ്യക്തമായി.