അതേസമയം വില കുറയുന്ന മരുന്നുകള്‍ പുതിയ നിരക്കില്‍ വില്‍ക്കണമെന്നും ചെറുകിട വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം കമ്പനികള്‍ നികത്തണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കിയെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ വിശദീകരണം.

പ്രമേഹം, അപസ്മാരം, അര്‍ബുദം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ക്കും വേദന സംഹാരികള്‍ക്കുമാണ് വില കുറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റി വില കുറച്ച് ഉത്തരവിറക്കിയത്. ഉത്തരവ് അന്നുമുതല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും വിലക്കുറവ് ഉണ്ടായിട്ടില്ല. ഇപ്പോഴും കൂടിയ നിരക്കില്‍ തന്നെയാണ് ചെറുകിട കച്ചവടക്കാര്‍ മരുന്ന് വില്‍ക്കുന്നത്. പുതിയ വിലയിലുള്ള മരുന്നുകളെത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.

ഇത്തവണ വില കുറച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്ന, അപസ്മാരത്തിനുപയോഗിക്കുന്ന ഫെനിടോയ്ന്‍ ഇന്‍ജക്ഷന് ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് വില കുറയ്ക്കുന്നത്. പ്രമേഹത്തിനുപയോഗിക്കുന്ന ഗ്ലിമിപ്രൈഡ് വിത് മെറ്റ് മോര്‍ഫിനും അര്‍ബുദത്തിനുപയോഗിക്കുന്ന ഇമാറ്റിനിബ് എന്നീ മരുന്നുകള്‍ക്ക് വില കുറയുന്നത് മൂന്നുമാസത്തിനിടെ രണ്ടാം തവണയുമാണ്.