വളർത്തുമൃഗങ്ങളുടെ ഭക്ഷണ ക്രമീകരണത്തിലും വേണം ശ്രദ്ധ. മഴക്കാലമായാൽ മൃഗങ്ങൾ ശരിയായ അളവിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല.

മഴക്കാലങ്ങളിലാണ് വളർത്ത് മൃഗങ്ങളിൽ പലതരം അണുബാധകൾ ഉണ്ടാകുന്നത്. മഴ നനഞ്ഞാൽ മൃഗങ്ങളെ നന്നായി തുടച്ചെടുക്കേണ്ടതുണ്ട്. രോമങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുമ്പോൾ അണുബാധയുടെ സാധ്യതയും വർധിക്കുന്നു. ചളിയുള്ള സ്ഥലങ്ങളിലുള്ള നടത്തവും ഒഴിവാക്കാം. ഇത് ഫങ്കലും ചെള്ള് ശല്യം ഉണ്ടാവാനും കാരണമാകുന്നു. ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

രോമങ്ങളും ചെവിയും വൃത്തിയാക്കണം

മഴക്കാലത്ത് ഇടയ്ക്കിടെ വളർത്തുമൃഗത്തിന്റെ രോമങ്ങളും ചെവിയും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നഖങ്ങൾക്കും രോമങ്ങൾക്കുമിടയിൽ അഴുക്കും ഈർപ്പവും പറ്റിയിരിക്കുന്നതാണ് അണുബാധ ഉണ്ടാക്കുന്നത്. അതേസമയം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണിയും നല്ലതാണെന്ന് ഉറപ്പ് വരുത്തണം.

ചെള്ള് ശല്യം

മഴസമയങ്ങളിൽ ചെള്ള് ശല്യം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വളർത്തുമൃഗത്തിന്റെ കിടക്ക, വിരി എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. റഗ്, സോഫ എന്നിവ വാക്വം ചെയ്യുന്നതും നല്ലതായിരിക്കും.

ഭക്ഷണ ക്രമീകരണം

വളർത്തുമൃഗങ്ങളുടെ ഭക്ഷണ ക്രമീകരണത്തിലും വേണം ശ്രദ്ധ. മഴക്കാലമായാൽ മൃഗങ്ങൾ ശരിയായ അളവിൽ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല. ഇത് അവയുടെ ആരോഗ്യത്തെ നന്നായി ബാധിക്കും. കൃത്യമായ ഇടവേളയിൽ മിതമായ അളവിൽ ഭക്ഷണം നൽകാൻ ശ്രദ്ധിക്കാം. അതേസമയം പഴക്കംചെന്ന ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കാം. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

രോഗങ്ങൾ ഉണ്ടാകുന്നു

ശ്വസന, ദഹന പ്രശ്നങ്ങൾ, ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധകൾ തുടങ്ങിയ രോഗങ്ങൾ മൃഗങ്ങളിൽ മഴക്കാലത്ത് ഉണ്ടാകുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായ സ്വാഭാവ രീതി, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്.

വിശ്രമസ്ഥലം

മഴക്കാലങ്ങളിൽ നല്ല ചൂടുള്ള, ഉണങ്ങിയ ഈർപ്പമില്ലാത്ത സ്ഥലമാണ് വളർത്ത് മൃഗങ്ങൾക്ക് ആവശ്യം. അവയ്ക്ക് സമാധാനമായി ഉറങ്ങാനും ഇരിക്കാനും കഴിയുന്ന വിശ്രമ സ്ഥലങ്ങൾ ഒരുക്കികൊടുക്കാൻ ശ്രദ്ധിക്കണം. ഇത് മൃഗങ്ങളുടെ മാനസിക സമ്മർദ്ദത്തെ കുറയ്ക്കുകയും സന്തോഷത്തോടെ ഇരിക്കാനും സഹായിക്കുന്നു.