വളർത്ത് മൃഗങ്ങൾക്ക് എന്നും ഒരേ ഭക്ഷണം നൽകുന്നത് ഒഴിവാക്കാം. ഒരു ഭക്ഷണം തന്നെ സ്ഥിരമായി കഴിക്കുമ്പോൾ ഭക്ഷണത്തിനോട് താല്പര്യം കുറയാൻ സാധ്യതയുണ്ട്.

മൃഗങ്ങളെ വളർത്തുമ്പോൾ അവയ്ക്ക് പ്രത്യേക പരിപാലനം നൽകേണ്ടതുണ്ട്. വളർത്ത് മൃഗത്തിന്റെ നല്ല ആരോഗ്യത്തിനും സന്തോഷത്തിനുമാണ് കൂടുതൽ മുൻഗണന നൽകേണ്ടത്. അതിനാൽ തന്നെ കൃത്യമായ രീതിയിൽ ഭക്ഷണം ക്രമീകരിക്കേണ്ടതുണ്ട്. എന്നാൽ പലരും ഇക്കാര്യത്തിൽ തെറ്റുകൾ വരുത്താറുണ്ട്. ഇത് നിങ്ങളുടെ വളർത്തമൃഗത്തിന്റെ ആരോഗ്യത്തെ അറിഞ്ഞോ അറിയാതെയോ ബാധിക്കുന്നു. ഈ തെറ്റുകൾ ഒഴിവാക്കൂ.

ഭക്ഷണ ക്രമീകരണത്തിൽ ഉണ്ടാകുന്ന അബദ്ധങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. നായ്ക്കൾക്കും പൂച്ചകൾക്കും വ്യത്യസ്തമായ ഭക്ഷണ രീതിയാണുള്ളത്. ചില മൃഗങ്ങൾക്ക് മനുഷ്യർ കഴിക്കുന്നതും വീട്ടിലുണ്ടാക്കുന്നതുമായ ഭക്ഷണങ്ങളോടാണ് താല്പര്യം. എന്നാൽ ഇത് മൃഗങ്ങളിൽ പോഷക കുറവിന് കാരണമാകുന്നു. ശരിയായ ഭക്ഷണ ക്രമീകരണം നിലനിർത്താൻ ഡോക്ടറെ സമീപിക്കുന്നത് നല്ലതായിരിക്കും.

അമിതമായി ഭക്ഷണം നൽകാൻ പാടില്ല. സ്നേഹം കൂടുമ്പോൾ കിട്ടുന്നതെന്തും മൃഗങ്ങൾക്ക് കൊടുക്കാറുണ്ട്. എന്നാൽ ഇത് മൃഗങ്ങളിൽ പൊണ്ണത്തടി ഉണ്ടാവാൻ കാരണമാകുന്നു. കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കുന്നു. ഭക്ഷണം തെരഞ്ഞെടുക്കുന്നതിലും അളവിലുമെല്ലാം കൃത്യനിഷ്ഠത പാലിക്കേണ്ടതുണ്ട്. കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ നൽകുന്നതിനേക്കാളും പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾക്ക് മുൻഗണന നൽകാൻ ശ്രദ്ധിക്കണം.

വളർത്ത് മൃഗങ്ങളിൽ നിർജ്ജിലീകരണം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവും കൃത്യമായ അളവിൽ മൃഗങ്ങൾക്ക് വെള്ളം നൽകാൻ ശ്രദ്ധിക്കണം. ചൂടുകാലത്താണ് മൃഗങ്ങളിൽ നിർജ്ജിലീകരണം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചൂട് കാലങ്ങളിലും, വ്യായാമം കഴിയുന്ന സമയങ്ങളിലും ശുദ്ധമായ വെള്ളം നൽകാൻ ശ്രദ്ധിക്കാം.

വളർത്ത് മൃഗങ്ങൾക്ക് എന്നും ഒരേ ഭക്ഷണം നൽകുന്നത് ഒഴിവാക്കാം. ഒരു ഭക്ഷണം തന്നെ സ്ഥിരമായി കഴിക്കുമ്പോൾ ഭക്ഷണത്തിനോട് താല്പര്യം കുറയാൻ സാധ്യതയുണ്ട്. വ്യത്യസ്തമായ ഭക്ഷണങ്ങളിൽ നിന്നുമാണ് പോഷകഗുണങ്ങൾ ലഭിക്കുന്നത്. അതിനാൽ തന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം.