തീറ്റയോട് താല്പര്യം കുറയുക, ശരീരം ക്ഷീണിക്കുക, നിർജ്ജിലീകരണം, നടക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങൾ കന്നുകാലികളിൽ ഉണ്ടാകുന്നു. ഇത് ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

അമിതമായ ചൂട് വളർത്ത് മൃഗങ്ങളിൽ ഉഷ്ണ സമ്മർദ്ദം വർധിപ്പിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കന്നുകാലികളുടെ പാലിന്റെ അളവും ഗുണവും കുറയും. തീറ്റയോട് താല്പര്യം കുറയുക, ശരീരം ക്ഷീണിക്കുക, നിർജ്ജിലീകരണം, നടക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങൾ കന്നുകാലികളിൽ ഉണ്ടാകുന്നു. ഇത് ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ചില സമയങ്ങളിൽ കുഴഞ്ഞ് വീണ് മരണവും സംഭവിക്കാറുണ്ട്. ചൂട് കൂടുതലുള്ള സമയങ്ങളിൽ മൃഗങ്ങൾക്ക് പ്രത്യേക പരിപാലനം അത്യാവശ്യമാണ്. മൃഗങ്ങളിൽ ഉണ്ടാകുന്ന ഉഷ്ണത്തെ കുറയ്ക്കാൻ വേണ്ട കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. കന്നുകാലിയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. കന്നുകാലിയെ വളർത്തുന്ന സ്ഥലത്ത് ഇരുവശങ്ങളിലും വായു സഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം. ശരിയായ വായു സഞ്ചാരമില്ലെങ്കിൽ മൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. സാധ്യമെങ്കിൽ ഇവിടെ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കാവുന്നതാണ്. ഇത് ഉള്ളിലെ ചൂടിനെ പുറന്തള്ളാൻ സഹായിക്കുന്നു. ഉള്ളിൽ വായു തങ്ങി നിന്നാൽ ഇത് പലതരം ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു.

2. വെയിൽ നിരന്തമായി അടിക്കുമ്പോൾ ഷെഡിന്റെ മുകളിൽ ചൂട് കൂടുന്നു. ഈ ചൂട് സ്വാഭാവികമായും ഉൾഭാഗത്തേക്കും എത്തും. ഇതൊഴിവാക്കാൻ ഷെഡിനു മുകളിൽ ഇടയ്ക്കിടെ വെള്ളം തളിച്ച് കൊടുക്കാം. ഇത് ചൂടിനെ ഒരുപരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നു.

3. വെള്ളത്തിന് പകരം ഷെഡിന് മുകളിൽ എന്തെങ്കിലും വിരിച്ചിടുന്നതും നല്ലതാണ്. ഓല, വൈക്കോൽ എന്നിവ ഷെഡിന്റെ മുകൾ ഭാഗത്ത് വിരിച്ചിടാം. ഇത് ചൂടിന്റെ കാഠിന്യത്തെ കുറയ്ക്കാൻ സഹായിക്കുന്നു.

4. ചൂട് കൂടുമ്പോൾ മൃഗങ്ങളെ കുളിപ്പിച്ചിട്ട് കാര്യമില്ല. വെള്ളമൊഴിക്കുമ്പോൾ അന്തരീക്ഷത്തിലെ നീരാവി കൂടുകയും ഇതുമൂലം ചൂട് വർധിക്കുകയും ചെയ്യുന്നു. ചൂട് സമയങ്ങളിൽ ഈർപ്പത്തെക്കാളും ആവശ്യം നല്ല വായു സഞ്ചാരമാണ്.

5. ചൂട് സമയത്ത് മൃഗങ്ങളിൽ നിർജ്ജിലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൃഗങ്ങൾക്ക് എപ്പോഴും വെള്ളം അല്ലെങ്കിൽ ജലാംശമുളള ഭക്ഷണങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കണം. ശുദ്ധമായ വെള്ളം മാത്രമേ ഇവയ്ക്ക് കൊടുക്കാൻ പാടുള്ളു. കെട്ടികിടക്കുന്ന വെള്ളം കൊടുക്കരുത്. ഇത് രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

6. ചൂടുള്ള സമയങ്ങളിൽ അസോള, പച്ചപ്പുല്ല് എന്നിവ കന്നുകാലികൾക്ക് കൊടുക്കുന്നത് നല്ലതായിരിക്കും. കൂടാതെ എപ്പോഴും കൊടുക്കുന്നത് പോലെ കാലിത്തീറ്റയും, വൈക്കോലും അവയ്ക്ക് നൽകാൻ മറക്കരുത്.

7. അതേസമയം സൂര്യപ്രകാശം നേരിട്ടടിക്കുന്ന വിധത്തിൽ വളർത്ത് മൃഗത്തെ കെട്ടിയിടരുത്. ഇത് അവയെ കൂടുതൽ ഉഷ്ണ സമ്മർദ്ദത്തിലേക്ക് എത്തിക്കുന്നു. അമിതമായി ചൂടേൽക്കാത്ത സ്ഥലങ്ങളിൽ കെട്ടിയിടാം.