സാധാരണഗതിയില്‍ 100 മുതല്‍ 200 വരെയാണ് തേരട്ടകള്‍ക്കുള്ള കാലുകള്‍. ഇതിന് അടുത്ത് വരുന്ന വിഭാഗമായ പഴുതാരയ്ക്കാണെങ്കില്‍ മുന്നൂറും നാഞ്ഞൂറിനടുത്തുമെല്ലാം വരെ കാലുകള്‍ കാണാം

മൃഗങ്ങളുമായും മറ്റ് ജീവികളുമായും ( Animals ) ബന്ധപ്പെട്ട കണ്ടെത്തലുകളും പുതിയ വിവരങ്ങളുമെല്ലാം എല്ലായ്‌പോഴും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതാണ്. അത്തരമൊരു കണ്ടെത്തലിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഓസ്‌ട്രേലിയയില്‍ ( Australia ) നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

ജീവികളില്‍ വച്ച് ഏറ്റവുമധികം കാലുകളുള്ള ജീവിയെ തങ്ങള്‍ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. പ്രത്യേക ഇനത്തില്‍ പെട്ട തേരട്ടയെ ആണ് ഒരു ഖനിയില്‍ നിന്ന് ഇവര്‍ കണ്ടെടുത്തിരിക്കുന്നത്. 1,306 കാലുകളാണേ്രത ഇതിനുള്ളത്. 

ഇതുവരെയായി ഒരു മൃഗത്തിനും ഒരു ജീവിക്കും ഇത്രയധികം കാലുകളുള്ളതായി കണ്ടെത്തപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. മണ്ണിനടിയില്‍ ഏത് പ്രതികൂലമായ സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകളെന്നും ഇവര്‍ പറയുന്നു. 

'യൂമിലിപസ് പെര്‍സെഫണ്‍' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. മൂന്നര ഇഞ്ചോളം മാത്രമാണ് കണ്ടെത്തപ്പെട്ട പെണ്‍വര്‍ഗത്തില്‍ പെടുന്ന തേരട്ടയ്ക്കുള്ളത്. 0.95 മില്ലിമീറ്റര്‍ വീതിയും. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗം കൊണ്ട് ചുറ്റുപാടുകളെ 'സെന്‍സര്‍' ചെയ്‌തെടുത്താണ് അതിജീവനം നടത്തുന്നത്. ആണ്‍ തേരട്ടകളെക്കാള്‍ കാലുകള്‍ ഈ വിഭാഗത്തില്‍ പെടുന്ന പെണ്‍ തേരട്ടകള്‍ക്ക് കാണുമെന്നും ഗവേഷകര്‍ പറയുന്നു. 

സാധാരണഗതിയില്‍ 100 മുതല്‍ 200 വരെയാണ് തേരട്ടകള്‍ക്കുള്ള കാലുകള്‍. ഇതിന് അടുത്ത് വരുന്ന വിഭാഗമായ പഴുതാരയ്ക്കാണെങ്കില്‍ മുന്നൂറും നാഞ്ഞൂറിനടുത്തുമെല്ലാം വരെ കാലുകള്‍ കാണാം. എന്തായാലും നിലവില്‍ കണ്ടെത്തിയിരിക്കുന്ന തേരട്ടകളുടെ വിഭാഗം വലിയ കൗതുകമാണ് ഏവരിലും നിറയ്ക്കുന്നത്. ഏതാണ്ട് 13,000 വിഭാഗങ്ങളില്‍ പെടുന്ന തേരട്ടകളെ ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. 

Also Read:- വേരാണെന്ന് കരുതി, പിന്നെ അനങ്ങിത്തുടങ്ങി; 'വിചിത്ര'ജീവിയുടെ വീഡിയോ...