സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അത് പ്രകടിപ്പിക്കുന്നവരാണ് നായ്ക്കൾ. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളിലും ഇത്തരം വികാരങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുത്. 

നായ്ക്കൾ അവരുടെ വികാരങ്ങൾ തുറന്നുകാട്ടുന്നവരാണ്. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അവ പ്രകടിപ്പിക്കും. ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന സമയങ്ങൾ, വിഷമം, ഏകാന്തത തുടങ്ങിയവയെല്ലാം മൃഗങ്ങൾക്കും ഉണ്ടാവുന്നു. ഇനി സന്തോഷമാണെങ്കിലോ വളരെ എളുപ്പത്തിൽ അത് തിരിച്ചറിയാൻ സാധിക്കും. വളർത്തുനായ്ക്കൾ ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണേ.

1.വിശ്രമമില്ലാത്ത ഓട്ടം

വെപ്രാളത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുക, എപ്പോഴും തല കുടയുക എന്നിവ കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. സമ്മർദ്ദം ഉണ്ടാകുമ്പോഴാണ് നായ്ക്കൾ ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത്.

2. നിരന്തരമായി നക്കുന്നത്

നിരന്തരമായി ശരീര ഭാഗങ്ങൾ നക്കുക, ആക്രമിക്കാൻ വരുക, അനുസരണ ഇല്ലാതാവുക തുടങ്ങിയ കാര്യങ്ങളൊക്കെയും നായ്ക്കളിൽ സമ്മർദ്ദം ഉണ്ടാകുമ്പോൾ പ്രകടിപ്പിക്കുന്നതാണ്. പരിചയമില്ലാത്തവരെ കാണുമ്പോഴും നായ്ക്കൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ പ്രകടമാക്കാറുണ്ട്.

3. ശരീരത്തിൽ പ്രകടമാക്കുന്ന ലക്ഷണങ്ങൾ

നായ വാൽ മുറുകെ പിടിക്കുകയും, ചെവികൾ പിന്നിലേക്ക് വലിക്കുകയും, തല താഴ്ത്തുകയും ചെയ്യുന്നുണ്ടെങ്കിൽ ഭയം അല്ലെങ്കിൽ അരക്ഷിതാവസ്ഥയെ അത് സൂചിപ്പിക്കുന്നു. ഇടിമിന്നൽ, വെടിക്കെട്ട്, വഴക്കു പറയുക തുടങ്ങിയ സാഹചര്യങ്ങളിൽ നായ്ക്കൾ ഇത്തരം ലക്ഷണങ്ങൾ കാണിക്കാറുണ്ട്. അവർക്ക് ഉത്കണ്ഠയുണ്ടെന്നും അകലം പാലിക്കുകയോ ശാന്തമായ അന്തരീക്ഷം ആവശ്യമാണെന്നും മനസിലാക്കി തരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

4. വിശപ്പ്, ഉറക്കം

ഭക്ഷണത്തോടുള്ള താല്പര്യം കുറയുക, ഉറക്ക രീതികളിൽ മാറ്റം വരുക തുടങ്ങിയ കാര്യങ്ങളും നായക്ക് സമ്മർദ്ദം ഉണ്ടെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങളാണ്. സമ്മർദ്ദം ഉണ്ടാകുമ്പോൾ വിശപ്പ് കുറയുകയും ശരിയായ ഉറക്കം ലഭിക്കാതെയും വരുന്നു.