മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങളിലും പ്രമേഹം ഉണ്ടാവാറുണ്ട്. വളർത്തുനായ്ക്കളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
നായ്ക്കളിൽ പ്രമേഹം ഉണ്ടാകുന്നത് സാധാരണമാണ്. എത്ര പെട്ടെന്ന് രോഗം തിരിച്ചറിയാൻ സാധിക്കുമോ അത്രയും വേഗത്തിൽ പ്രമേഹത്തെ നിയന്ത്രിക്കാനും കഴിയും. ശരീരത്തിൽ ശരിയായ രീതിയിൽ ഇൻസുലിൻ ഉത്പാദനം നടക്കാതിരിക്കുമ്പോഴാണ് നായ്ക്കളിൽ പ്രമേഹം ഉണ്ടാവുന്നത്. ഇത് ചികിൽസിക്കാതെ ഇരുന്നാൽ ഗുരുതരമായ മറ്റു രോഗങ്ങൾക്ക് കാരണമാകുന്നു. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ.
1.ഇടയ്ക്കിടെ മൂത്രമൊഴിക്കുക
നായ്ക്കൾ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ആദ്യ ലക്ഷണമാണ്. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു. നിരന്തരമായി മൂത്രമൊഴിക്കേണ്ടി വരുമ്പോൾ വൃക്കകളുടെ ആരോഗ്യം തകരാറിലാവാനും സാധ്യതയുണ്ട്.
2. അമിതമായ ദാഹം
പ്രമേഹമുള്ള നായ്ക്കളിൽ അമിതമായ ദാഹം ഉണ്ടാകുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതുകൊണ്ട് തന്നെ അതിനനുസരിച്ച് വെള്ള ദാഹവും കൂടുന്നു. വൃക്കകൾ തകരാറിൽ ആകുമ്പോഴും ഇത്തരത്തിൽ ദാഹം ഉണ്ടാവാറുണ്ട്.
3. വിശപ്പ് കൂടുന്നു
സാധാരണയെക്കാളും വിശപ്പ് കൂടുതലായിരിക്കും പ്രമേഹമുള്ള നായ്ക്കൾക്ക്. ശരീരത്തിൽ ഇൻസുലിൻ ഇല്ലാത്തതുകൊണ്ട് തന്നെ ഗ്ലൂക്കോസിനെ ഊർജ്ജത്തിലേക്ക് മാറ്റാൻ കഴിയാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ എത്ര കഴിച്ചാലും നായ്ക്കളിൽ വിശപ്പ് കൂടും.
4. ശരീരഭാരം കുറയുന്നു
നായ്ക്കളിൽ പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ശരീരത്തിലുള്ള ഗ്ലുക്കോസിന്റെ ഉപയോഗം കാര്യക്ഷമം അല്ലാതെ വരുമ്പോഴാണ് ഇത്തരത്തിൽ ശരീരഭാരം കുറയുന്നത്. വളർത്തുനായയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.
5. കാഴ്ച്ചക്കുറവ്
പ്രമേഹമുള്ള നായ്ക്കളിൽ കാഴ്ച്ചക്കുറവ് ഉണ്ടാവാനും സാധ്യത കൂടുതലാണ്. ആഴ്ച്ചകളോ മാസങ്ങളോ എടുത്താണ് കാഴ്ച്ച പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ചില സാഹചര്യങ്ങളിൽ പെട്ടെന്ന് കാഴ്ച്ചക്ക് പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.


