അടുത്തിടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ നാല് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു

രക്ഷാകേന്ദ്രമെന്ന് കരുതുന്ന സ്ഥലത്ത് 37 ചത്ത നായ്ക്കളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൃഗങ്ങളോടുള്ള ക്രൂരത കുറ്റം ചുമത്തി ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ലണ്ടൻ സ്വദേശിയായ 25 കാരി ഒവീദ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും തെറ്റായ പ്രാതിനിധ്യം വഴിയുള്ള വഞ്ചന കുറ്റവും ചുമത്തിയാണ് ഒവീദിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇംഗ്ലണ്ടിലെ ബില്ലെറിക്കെയ്ക്ക് സമീപമുള്ള ക്രെയ്സ് ഹില്ലിലെ ഒരു സ്ഥലത്ത് മെയ് മാസത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡിൽ നാല് ജഡങ്ങൾ കൂടി കണ്ടെത്തിയതായി എസെക്സ് പൊലീസ് പറയുന്നു.

ആർ‌എസ്‌പി‌സി‌എയും ബാസിൽഡൺ ബറോ കൗൺസിലും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ 21 ജീവനുള്ള മൃഗങ്ങൾക്കൊപ്പമാണ് നായ്ക്കളുടെ ജഡങ്ങളും കണ്ടെത്തിയത്. അടുത്തിടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ നാല് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ജഡത്തിന്റെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളിൽ ഒരാളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ബുധനാഴ്ച ക്രെയ്സ് ഹില്ലിൽ എസെക്സ് പൊലീസിലേയും ആർ‌എസ്‌പി‌സി‌എയിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.

'പ്രാദേശിക സമൂഹത്തിന്റെ ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു. ഊഹാപോഹങ്ങൾ ഉപേക്ഷിക്കണമെന്നും സങ്കീർണ്ണവും സമഗ്രവുമായ അന്വേഷണങ്ങൾ നടത്താൻ ഞങ്ങളെ അനുവദിക്കണമെന്നും ആളുകളോട് അഭ്യർത്ഥിക്കുന്നുവെന്ന് ഇൻസ്പെക്ടർ സ്റ്റീവ് പാരി പറഞ്ഞു.

ജൂൺ 9 ന് അറസ്റ്റിലായ യുവതിയെ ബാസിൽഡൺ ക്രൗൺ കോടതിയിൽ ഹാജരാക്കും. അതേസമയം അന്വേഷണത്തിൽ അറസ്റ്റിലായ രണ്ടാമത്തെ ആളെ ജൂലൈ വരെ ജാമ്യത്തിൽ വിട്ടതായി എസെക്സ് പോലീസ് പറഞ്ഞു.