മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം കേടായിപ്പോകാൻ സാധ്യതയുണ്ട്.

വളർത്ത് മൃഗങ്ങളെ എപ്പോഴും നമ്മൾ വീട്ടിലെ ഒരംഗത്തെപോലെയാണ് കാണുന്നത്. സ്വന്തം കുട്ടികളെ നോക്കുന്നതുപോലെ അവർക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുന്നവരാണ് നമ്മൾ. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണ ക്രമീകരണമാണ്. കൃത്യമായുള്ള ഭക്ഷണ രീതികൾ പാലിക്കുന്നത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. അതിനാൽ തന്നെ മൃഗങ്ങളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.

പോഷകാഹാരങ്ങൾ

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണം ആവശ്യമാണ്. പൂച്ച, നായ എന്നിവയ്ക്ക് വിറ്റാമിനുകളും, മിനറലുകളും അടങ്ങിയ ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം.

ഭക്ഷണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണം കേടായിപ്പോകാൻ സാധ്യതയുണ്ട്. അണുക്കൾ, പൂപ്പൽ, തുടങ്ങിയ പലതും ഭക്ഷണത്തിൽ വളരാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണങ്ങൾ മൃഗങ്ങൾക്ക് കൊടുക്കുന്നത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ തന്നെ മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കാം.

സൂനോട്ടിക് രോഗം

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് സൂനോട്ടിക്. മൃഗങ്ങളുടെ ഭക്ഷണത്തിൽ രോഗാണുക്കൾ ഉണ്ടാവുകയും അത്‍ കഴിച്ചാൽ മൃഗങ്ങളിൽ രോഗം പടരുകയും ചെയ്യുന്നു. സാൽമൊണെല്ല, ഇ കോളി തുടങ്ങിയ അണുക്കളാണ് കേടുവന്ന ഭക്ഷണത്തിൽ ഉണ്ടാകുന്നത്.

ഭക്ഷണം സൂക്ഷിക്കാം

സൂനോട്ടിക് രോഗം പടരുന്നത് തടയാൻ ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വളർത്ത് മൃഗത്തിന് ഭക്ഷണം നൽകിയതിന് ശേഷം കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേകം പാത്രം ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

അസംസ്‌കൃത ഭക്ഷണക്രമം

ചില മൃഗ ഉടമകൾ അസംസ്‌കൃത ഭക്ഷണങ്ങൾ വളർത്ത് മൃഗങ്ങൾക്ക് കൊടുക്കാറുണ്ട്. ഇത് കൂടുതൽ ആരോഗ്യകരമാണെന്ന് കരുതിയാണ് ഉടമകൾ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ഭക്ഷണം നൽകിയാൽ അപകട സാധ്യത വർധിക്കുകയാണ് ചെയ്യുന്നത്. കാരണം അസംസ്‌കൃത ഭക്ഷണത്തിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഡോക്ടറെ കാണാം

കൃത്യമായ ഇടവേളയിൽ മൃഗ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ എളുപ്പത്തിൽ അറിയാനും ചികിത്സ തേടാനും ഇത് സഹായിക്കുന്നു.