നല്ല ദഹനം ലഭിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്താനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ഏതുകാലാവസ്ഥയിലും വളർത്തുമൃഗങ്ങളിൽ ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് നിർജ്ജലീകരണം. വേനൽക്കാലത്ത് അമിതമായ ചൂട് കൊണ്ടാണ് നിർജ്ജലീകരണം ഉണ്ടാകുന്നത്. എന്നാൽ മഴക്കാലത്ത് തണുപ്പുള്ളതുകൊണ്ട് മൃഗങ്ങൾ വെള്ളം കുടിക്കുന്നത് കുറയുന്നു. നല്ല ദഹനം ലഭിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്താനും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഈ പാനീയങ്ങൾ വളർത്തുനായ്ക്ക് നൽകാം.
ജ്യൂസ്
മധുരമില്ലാത്ത, പഞ്ചസാര ചേർക്കാത്ത ജ്യൂസ് വളർത്തുനായക്ക് കൊടുക്കുന്നത് നല്ലതാണ്. മായം കലരാൻ സാധ്യതയുള്ള പാനീയങ്ങൾ വളർത്തുമൃഗങ്ങൾക്ക് കൊടുക്കുന്നത് ഒഴിവാക്കണം. ബ്ലൂബെറി, തണ്ണിമത്തൻ, സ്ട്രോബെറി, വാഴപ്പഴം തുടങ്ങിയവ ജ്യൂസായി, മിതമായ അളവിൽ കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ബദാം മിൽക്ക്
നട്‌സുകൾ വളർത്തുനായകൾക്ക് കഴിക്കാൻ പാടില്ലാത്തതാണ്. എന്നാൽ ബദാം ചെറിയ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പങ്ങളില്ല. ഇത് ജ്യൂസാക്കി വളർത്തുനായക്ക് കൊടുക്കുന്നത് നല്ലതാണ്. അതേസമയം മധുരം, മായം, മറ്റു ചേരുവകളൊന്നും ഇതിൽ ചേർത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
തേങ്ങാ വെള്ളം
തേങ്ങാ വെള്ളം വളർത്തുനായക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇതിൽ മറ്റൊന്നും ചേർക്കാൻ പാടില്ല. പൊട്ടാസ്യം, കാൽഷ്യം, വിറ്റാമിൻ സി തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വളർത്ത് നായയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
സൂപ്പ്
ചിക്കൻ, ബീഫ്, പച്ചക്കറികൾ എന്നിവ കൊണ്ട് തയാറാക്കിയ സൂപ്പ് വളർത്തുനായക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ സവാള, വെളുത്തുള്ളി, ഉപ്പ് തുടങ്ങിയവ സൂപ്പിൽ ചേർക്കുന്നത് ഒഴിവാക്കാം. ഇത് നായയുടെ ആരോഗ്യത്തിന് ദോഷമാണ്.
ഇവ കൊടുക്കരുത്
പശുവിൻ പാൽ, ചായ എന്നിവ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. ഇത് വയറിളക്കം, ഛർദി, ദഹന പ്രശ്നം എന്നിവയ്ക്ക് കാരണമാകുന്നു. അതേസമയം ആട്ടിൻ പാൽ വളർത്തുനായക്ക് കൊടുക്കുന്നത് നല്ലതാണ്. ചെറിയ അളവിൽ ആദ്യം കൊടുത്തതിന് ശേഷം കുഴപ്പങ്ങൾ ഇല്ലെങ്കിൽ മാത്രം പിന്നെയും കൊടുക്കാം.


