മനുഷ്യന്റെയും മനുഷ്യനെ പരിരക്ഷിച്ചുകൊണ്ടു നില്ക്കുന്ന ആവാസവ്യവസ്ഥയുടെയും ആരോഗ്യപരമായ സുസ്ഥിതിയ്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. 'ശുദ്ധ വായു.' പരിസ്ഥിതിയില്‍ ഏല്പിയ്ക്കപ്പെടുന്ന ഏത് അവസ്ഥയും തിരിച്ച് മനുഷ്യന്റെ നിലനില്പിന് ബാധകമാകും. ജനസംഖ്യാ വര്‍ദ്ധനവ്, വ്യവസായവത്ക്കരണം, മോട്ടോര്‍ വാഹനങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവ് എന്നിവമൂലം ഇന്ത്യയിലെ വലിയ നഗരങ്ങളിലെല്ലാം തന്നെ വായുവിന്റെ ഗുണനിലവാരം താഴേയ്ക്കുപോയിരിയ്ക്കുന്നു. മലിനമായ വായു ശ്വസിക്കുമ്പോള്‍ വായുവിലെ മാലിന്യങ്ങളെക്കൂടി നാം നമ്മുടെ ശ്വാസകോശങ്ങളുടെ ഉള്ളിലേയ്ക്ക് കടത്തിക്കൊണ്ടു ചെല്ലുകയാണ്. അതുകൊണ്ടുതന്നെ വായുമലിനീകരണം ശ്വസനേന്ദ്രിയങ്ങളുടെ ഗുരുതരമായ കേടുപാടുകള്‍ക്ക് കാരണമാകുന്നു. മലിനമായ അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ആസ്ത്മാ രോഗത്തിന് തുടക്കമിടാനും നിലവിലുള്ള ശ്വാസകോശരോഗത്തെ ഗുരുതരമാക്കുന്നതിനും ശ്വാസകോശാര്‍ബുദമടക്കമുള്ള മാറാരോഗഗങ്ങള്‍, COPD [ Chronic Obstructive Pulmonary Disease), എംഫിസിമ എന്നീ രോഗങ്ങളുടെ വര്‍ദ്ധനയെ ത്വരിതപ്പെടുത്താനും ഇടയാക്കും അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ ഭാവിയില്‍ ശ്വാസകോശരോഗങ്ങളുണ്ടാകാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ശ്വാസകോശപോഷണത്തെ വലിയ തോതില്‍ത്തന്നെ പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. 'പാര്‍ട്ടിക്കിള്‍ പൊല്യൂഷന്‍' അകാല മരണങ്ങള്‍ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഹൃദ്രോഗം, ആസ്ത്മാ എന്നിവമൂലമുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും ശ്വാസകോശങ്ങളുടെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തിക്കൊണ്ടും പാര്‍ട്ടിക്കില്‍ ഭീഷണിയായിത്തീരുകയാണ്. (റഡോണ്‍ സാന്നിദ്ധ്യംമൂലം മുറിക്കകത്തുണ്ടാകാവുന്ന അന്തരീക്ഷമലിനീകരണം ശ്വാസകോശാര്‍ബ്ബുദത്തിന് കാരണമാകുന്നു.)

ആസ്ത്മ-

ശ്വാസനാളിയില്‍ പഴുപ്പും നീര്‍ക്കെട്ടും ഉണ്ടാകുന്നതും തന്മൂലം അതിന്റെ വ്യാസം ചുരുങ്ങുന്നതുമാണ് ആസ്ത്മാരോഗത്തിന്റെ പ്രധാന സ്വഭാവം. ഇതിന്റെ ഫലമായി, നെഞ്ചില്‍ മുറുക്കമനുഭവപ്പെടുകയും ശ്വാസം വലിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. കൂടാതെ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ 'ഗര്‍ഗര' ശബ്ദമുണ്ടാവുക, ചുമയുണ്ടാവുക എന്നീ ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ചികിത്സ ലഭിയ്ക്കാതിരുന്നാല്‍ ആസ്ത്മാരോഗബാധിതന്‍ മരണാസന്ന നായിത്തീരുകയോ മരണപ്പെടുകതന്നെയോ ചെയ്‌തെന്നു വരാം. നിലവില്‍ ആസ്ത്മ രോഗം ചികിത്സിച്ചു ഭോദമാക്കാന്‍ കഴിയുന്നഒന്നല്ല. ആസ്ത്മയുടെ ഫലമായി ശ്വാസകോശങ്ങളുടെ 'ടിഷ്യു' കളില്‍ ഉണ്ടാകുന്ന നാശം സ്ഥിരമായ അവസ്ഥയായി മാറിയെന്നും വരാം. പൊടി, പുക, പൂമ്പൊടി, വൊളട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ടുകള്‍ [VOC] എന്നിവയടക്കം ആസ്ത്മാ രോഗത്തിന് പ്രേരകമായിട്ടുള്ള വസ്തുക്കള്‍ ധാരാളമുണ്ട്. ഓസോണ്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍ എന്നിവയാണ് ഈ രോഗത്തിന് പ്രേരകമായി ബാഹ്യാന്തരീക്ഷത്തില്‍ കണ്ടുവരുന്ന മാലിന്യങ്ങള്‍.
    
'വൊളാട്ടൈല്‍ ഓര്‍ഗാനി'ക്കു [VOC] കള്‍ നൈട്രജന്‍ ഓര്‍ഗാനിക്കുകളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ പ്രതിപ്രവര്‍ത്തിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഒന്നാണ് ഓസോണ്‍. ലോകത്തിലെ ഏറ്റവും വ്യാപനശേഷിയുള്ള അന്തരീക്ഷമാലിന്യങ്ങളില്‍ ഒന്നാണ് ഇത്. നാഗരിക പശ്ചാത്തലത്തില്‍ കഴിയുന്നവര്‍ക്കിടയില്‍ ഓസോണ്‍ കൂടുതല്‍ സാന്ദ്രമായ പ്രാപിച്ച് ശ്വാസകോശങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നത് സര്‍വ്വസാധാരണമാണ്; പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍. ഓസോണിന്റെ അളവിലുണ്ടാവുന്ന വര്‍ദ്ധനവ് ആസ്ത്മ, അതു പോലുള്ള മറ്റു ശ്വാസകോശരോഗങ്ങള്‍ എന്നിവയുടെ വര്‍ദ്ധനവുമായി ചേര്‍ത്തുവെച്ച് ചിന്തിയ്ക്കാവുന്നതാണ്. ഇ.പി. എ [Environmental Protection Agency] നിശ്ചയിച്ചിട്ടുള്ള അതിരിലും താഴെയാണ് ചുറ്റുപാടുമുളള അന്തരീക്ഷത്തിലെ ഓസോണ്‍ ലെവല്‍ എങ്കില്‍പ്പോലും കഠിനമായ ആസ്ത്മാരോഗമുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ക്കാണുന്നു. ഉയര്‍ന്ന തോതിലുള്ള ഓസോണ്‍ ലെവല്‍ 'അന്‍ജൈന,' തുടങ്ങിയ ഹൃദ്രോഗങ്ങള്‍ ഉള്ളവരുടെ രോഗാവസ്ഥയെ പ്രകോപിപ്പിയ്ക്കും.

ക്രോണിക് ഓബ് സ്ട്രക്ടീവ് പള്‍മണറിഡിസീസ് [COPD]  ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ ശ്വാസക്കുഴലുകളുടെ വ്യാസം കുറയുന്നതു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് COPD (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറിഡിസീസ്). മറ്റു ശ്വസനേന്ദ്രിയ രോഗങ്ങളില്‍ നിന്നു വ്യത്യസ്തമായി COPD ബാധിച്ച രോഗി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് തിരിച്ചെത്താനാവാത്ത സ്ഥായിയായ രോഗാവസ്ഥയ്ക്ക് കീഴ്‌പെടേണ്ടിവരുന്നു. അന്തരീക്ഷത്തിലെ മാലിന്യങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന പഴുപ്പും നീര്‍ക്കെട്ടും ചേര്‍ന്ന രോഗാവസ്ഥയാണ് COPD യിലേയ്ക്ക് നയിക്കുന്നത്. വലിയ ശ്വാസക്കുഴലുകളില്‍ പഴുപ്പും നീര്‍ക്കെട്ടും ഉണ്ടാകുന്നതിനെ 'ക്രോണിക് ബ്രോങ്കൈറ്റിസ്' എന്നു പറയുന്നു. എന്നാല്‍ ശ്വാസകോശത്തിന്റെ മാന്ദ്യം ചെറിയ ശ്വാസനാളിയില്‍ ക്കാണുന്ന  വായു അറകളില്‍ ഉണ്ടാകുന്ന പഴുപ്പ് കോശങ്ങള്‍ക്കും നാശമുണ്ടാക്കുകയും 'എംഫസീമ' എന്ന രോഗാവസ്ഥയിലേയ്‌ക്കെത്തിയ്ക്കുകയും ചെയ്യുന്നു. COPD രോഗികള്‍ പുകവലി ശീലം ഉള്ളവരും അല്ലെങ്കില്‍ നേരത്തേ പുകവലി ശീലം ഉണ്ടായിരുന്നവരും ആണെന്നു പറയാമെങ്കിലും അന്തരീക്ഷമാലിന്യങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം COPDയുടെ ഉത്ഭവത്തിനും രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിയ്ക്കുന്നതിനും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നു കാണാം.

ശ്വാസകോശാര്‍ബ്ബുദം [ Lung Cancer]
    
അമേരിക്കയില്‍ പുരുഷന്മാരുടെയും അതുപോലെതന്നെ സ്ത്രീകളുടെയും ഏറ്റവും വലിയ കൊലയാളിയായിട്ടുള്ള ക്യാന്‍സര്‍ ആണ് ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബ്ബുദം. ഇത് അവരുടെ പുകവലിശീലവുമായി വളരെയധികം ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണെന്നിരിയ്ക്കിലും ശ്വാസകോശാര്‍ബ്ബുദത്തിന് കാരണമായി അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ ഒട്ടനേകം ആപത്ഘടകങ്ങള്‍ നിലനില്ക്കുന്നുണ്ട്. പാര്‍ട്ടിക്കുലേറ്റ് മാറ്റേഴ്‌സും, പ്രത്യേകിച്ച്, 'ഓസോണി' ന്റെ സാന്നിദ്ധ്യവും ശ്വാസകോശാര്‍ബ്ബുദം [ Lung Cancer] മൂലമുള്ള മരണനിരക്ക് വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
    
P.M. 2.5 [ അതായത് പൊടിരൂപത്തിലുള്ള ഖരകണികകള്‍ അല്ലെങ്കില്‍ ഒരു മീറ്ററിന്റെ 2. 5 ദശലക്ഷത്തിലെ,ന്ന് വലിപ്പത്തിനും താഴെയുള്ള പാര്‍ട്ടിക്കുലേറ്റ് മാറ്റേഴ്‌സ്] എന്നറിയപ്പെടുന്ന പ്രത്യേക ഇനം ക്യാന്‍സറിന് കാരണമായിത്തീരുന്നുവെന്നാണ് തെളിവുകളില്‍ നിന്നും ലഭ്യമാകുന്നവിവരം. P.M.2.5ന്റെ നിരക്കുവര്‍ദ്ധിയ്ക്കുന്നതിനനുസരിച്ച് ശ്വാസകോശാര്‍ബ്ബുദം മൂലമുള്ള അപകടസാധ്യതകളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പ്രോജക്ട്[ Global Burden of Disease Project ] നിന്നും ഏറ്റവും പുതുതായി ലഭിച്ച വസ്തുതകള്‍ സൂചിപ്പിയ്ക്കുന്നത് 2010ല്‍ ശ്വാസകോശാര്‍ബ്ബുദം മൂലം ലോകത്തിലെവിടെയും സംഭവിച്ചിട്ടുള്ള മരണങ്ങളില്‍, 2,23,000 (രണ്ടുലക്ഷത്തിഇരുപത്തിമൂവ്വായിരം) മരണങ്ങളും അന്തരീക്ഷ മലിനീകരണം മൂലമുണ്ടായിട്ടുള്ളതാണ് എന്നാണ്. കെട്ടിടങ്ങള്‍ക്കകത്തെ അന്തരീക്ഷത്തിലുണ്ടാകുന്ന 'റഡോണ്‍' പോലുള്ള മാലിന്യങ്ങളും ശ്വാസ കോശാര്‍ബ്ബുദത്തിന് കാരണമാകുന്നുണ്ട്.

പ്രത്യേകിച്ച് ഇരയാകുന്നത് കുട്ടികള്‍
    
പ്രത്യേകിച്ച് കുട്ടികളാണ് വായുമലിനീകരണത്തിന്റെ ദുഷ്ഫലങ്ങള്‍ക്ക് ഇരയാകുന്നതെന്നു കരുതേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്ക് വായിലൂടെ ശ്വസിക്കുന്ന ഒരു പ്രവണതയുണ്ട്. ശ്വാസം നാസാരന്ധ്രങ്ങളിലൂടെ, കടന്നുപോകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന 'മാലിന്യങ്ങളെ അരിച്ചുമാറ്റല്‍' എന്ന പ്രക്രിയ അപ്പോള്‍ ഒഴിവാക്കപ്പെടുകയും മാലിന്യങ്ങള്‍ ശ്വാസകോശങ്ങള്‍ക്കുള്ളിലേയ്ക്ക് കടന്നുചെല്ലുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരവലിപ്പത്തെ അപേക്ഷിച്ച് അവരുടെ ശ്വാസകോശങ്ങളുടെ ഉപരിതലം (Surface) വളരെ വലുതാണ്. അതിനാല്‍ അവര്‍ ശ്വസിയ്ക്കുമ്പോള്‍ മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ അളവില്‍ വായു അകത്തേയ്‌ക്കെടുക്കുന്നുണ്ട്. അവര്‍ അധികസമയവും ചെലവഴിയ്ക്കുന്നതാകട്ടെ (മുറിക്കുപുറത്തുള്ള) ബാഹ്യാന്തരീക്ഷത്തിലായിരിക്കയും ചെയ്യും; പ്രത്യേകിച്ച് വേനല്‍ക്കാലത്തും ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലുമായിരിയ്ക്കും. ആസമയങ്ങളിലാണ് 'ഓസോണിന്റെയും മറ്റു മാലിന്യങ്ങളുടെയും അളവ് അന്തരീക്ഷത്തില്‍ ഏറ്റവും ഉയര്‍ന്നതോതിലെത്തുന്നത് എന്നത് പ്രത്യേകം ഓര്‍ത്തിരിയ്‌ക്കേണ്ട സംഗതിയാണ്. കൂടാതെ കുട്ടികളില്‍ വായുമലിനീകരണം കൊണ്ടുണ്ടാകുന്ന പ്രാരംഭബുദ്ധിമുട്ടുകളെ അവര്‍ അവഗണിക്കുന്നുവെന്നുള്ളതും ഇതിന്റെ ശ്രദ്ധക്ഷണിക്കല്‍ പിരിയുന്നു.

ഈവകകാരണങ്ങളൊടൊപ്പം മറ്റനേകം കാരണങ്ങളും ശ്വാസകോശത്തിന്റെ വളര്‍ച്ച, എന്‍സൈമുകളുടെ ഉല്പാദനം, പ്രതിരോധ ശേഷി എന്നിവയെ പ്രതികൂലമായി ബാധിച്ച് കുട്ടികളെ വായുമലിനീകരണം കൊണ്ടുള്ള രോഗാവസ്ഥയ്ക്ക്‌പെട്ടെന്ന് വിധേയമാകുന്ന അവസ്ഥ (Sensitivity to air Pollutants)യിലെത്തിയ്ക്കുന്നു.