രാജസ്ഥാന്‍ സ്വദേശി റഞ്ചോടിന് കേരളത്തില്‍ നിന്ന് ജന്മനാട്ടിലേക്കുള്ള യാത്ര സ്വപ്നതുല്യമാണ്. ഒരു സിനിമക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് റഞ്ചോട്-റമീല ദമ്പതികളുടെ മടക്കം. രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആറ് കുട്ടികളുളള ഒരു വലിയ കുടുംബമാണ് ഇവരുടെത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും അടങ്ങിയ സ്നേഹത്തിന്‍റെ ചങ്ങലയില്‍ കഴിഞ്ഞ ഒരു കുടുംബം

2016 പുതുവത്സരദിവസമാണ് അത് സംഭവിച്ചത്. റഞ്ചോട് ലാലിന്‍റെ ജീവിത്തില്‍ റമീലയെയും പൊന്നൊമന മകന്‍ രവിയെയും അപ്രത്യക്ഷമായ ദിനം. അതിരാവിലെ എഴുന്നേല്‍ക്കുന്ന റമീലയാണ് എല്ലാ ദിവസവും റഞ്ചോട് ലാലിനെ വിളിച്ചുണര്‍ത്തുന്നത്. എന്നാല്‍ അന്ന് എഴിന്നേല്‍ക്കാന്‍ വൈകി. എന്നും വിളിച്ചുണര്‍ത്തുന്ന റമീലയെ കാണുന്നില്ല. കൂടെ രണ്ട് വയസ്സുളള ഇളയ മകന്‍ രവിയെയും. 

എല്ലായിടവും അന്വേഷിച്ചു. ഒരു വിവരവുമില്ല. വീട്ടില്‍ താന്‍ റമീലയോട് ഒന്നുച്ചത്തില്‍ സംസാരിച്ചിട്ടുപോലുമില്ല. എന്നിട്ടും എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്ന് റഞ്ചോട് ചിന്തിച്ചു. ഇവരെ കാണാതായെങ്കിലും ബന്ധുക്കളുടെ ഭീഷണികളെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കാതെ റഞ്ചോട് കണ്ണീരും പ്രാര്‍ത്ഥനയുമായി കാത്തിരുന്നു. അതേസമയം ഓര്‍മ്മകളുടെ താളം തെറ്റിയ മനസ്സുമായി റമീല മകനെയും കൊണ്ട് അലഞ്ഞു നടന്നു.

എങ്ങനെയോ കേരളത്തിലെത്തി. സംശയാസ്പദമായ നിലയില്‍ ഇവരെ കാണാന്‍ ഇടയായ വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീവനക്കാര്‍ ഇവരെ മാനസിസാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലും ഏല്‍പ്പിച്ചു. ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ റമീലയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടു. ഓര്‍മ്മ വീണ്ടെടുത്ത റമീല കുടുബത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചതോടെയാണ് സര്‍ക്കാര്‍ ഇടപടല്‍. റഞ്ചോട് ലാലിനെ കണ്ടെത്തി തിരുവനന്തപുരത്ത് എത്തിച്ചു. റഞ്ചോട് ലാലിനെ കണ്ടപ്പോഴെ രവി ഓടി അടുത്തെത്തി. 

ഈ കുടുംബത്തിന്‍റെ സ്‌നേഹ സംഗമത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും നന്ദിപറഞ്ഞ് കുടുംബം മടങ്ങി. ട്രെയിന്‍ ടിക്കറ്റ്, യാത്രാചിലവിനും പുറമേ കുട്ടികള്‍ക്ക് സമ്മാനവും നല്‍കി കുടുംബത്തെ യാത്ര അയക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം മുഖ്യമന്ത്രിയും പങ്കുവച്ചു.





000