തായ്പേയ്: അപൂര്‍വ്വമായ കാരണം പറഞ്ഞ് വിവാഹമോചനം തേടി യുവാവ് രംഗത്ത്. ഈ തായ്‌വാന്‍ സ്വദേശി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഭാര്യയ്ക്ക് വൃത്തിയില്ലാത്തതാണ് വിവാഹമോചനത്തിലേക്ക് വഴി തെളിച്ചതെന്ന് തായ്‌പേയ് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യയ്ക്ക് വ്യക്തി ശുചിത്വമില്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നും ഭര്‍ത്താവ് പറയുന്നു. കല്യാണത്തിനു ശേഷം ഇപ്പോള്‍ ഭാര്യ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുളിക്കുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്. 

പല്ലു തേക്കുകയോ, തലമുടി കഴുകുകയോ ചെയ്യാറില്ല, വിവാഹത്തിനു മുമ്പ് ആഴ്ചയില്‍ ഒരിക്കലെങ്കിലും കുളിച്ചിരുന്നു എന്നാല്‍ കല്യാണം കഴിഞ്ഞതിനു ശേഷം കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നുവെന്ന് ഭര്‍ത്താവ്. അതേസമയം താന്‍ ജോലിക്കു പോകുന്നതും ഭാര്യയ്ക്ക് ഇഷ്ടമല്ല. ഇതേതുടര്‍ന്ന് താന്‍ ജോലി ഉപേക്ഷിച്ച് ഭാര്യയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നുവെന്നും. 

എന്നാല്‍ ഭാര്യയുടെ അമ്മയുടെ ചിലവില്‍ താമസിക്കേണ്ട അവസ്ഥ വന്നപ്പോള്‍ താന്‍ അവിടെ നിന്നും മാറി താമസിച്ച് ജോലിക്കു പോകുകയായിരുന്നുവെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ക്കുന്നു. പിന്നാലെ തന്‍റെ ജോലി കളയാന്‍ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിരസിച്ച യുവാവ് വിവാഹ മോചനം ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.