വിചിത്രരോഗവുമായി മരണത്തോട് മല്ലിട്ട് മൂന്നുമാസം പ്രായമായ കുരുന്ന്. തലച്ചോറിലെ ദ്രവങ്ങള്‍ തലയോട്ടിക്ക് പുറത്തേക്ക് വന്ന്, മുഴയായി രൂപം കൊള്ളുന്ന രോഗവുമായാണ് സറീന മാന്‍ഗ്രോ ജനിച്ച് വീണത്. ആരംഭത്തില്‍ ചെറിയ മുഴയായി കണ്ട രോഗം പെട്ടന്നാണ് അതിഭീകരമായ അവസ്ഥയിലെത്തിയത്. ക്രേനിയം ബൈഫിഡിയെ എന്നാണ് ഈ രോഗാവസ്ഥയുടെ പേര്.
ജനിച്ചപ്പോള്‍ ഒരു ഗോള്‍ഫ് പന്തിന്റെ വലിപ്പ മാത്രമായിരുന്നു ഈ മുഴയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പെട്ടന്നുണ്ടായ വളര്‍ച്ച മൂലം കുട്ടിയ്ക്ക് തല അനക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണുള്ളത്. ബലൂചിസ്താന്‍ സ്വദേശികളായ വാജിദ് മാന്‍ഗ്രോയുടേയും നസ്രീന്‍ മാന്‍ഗ്രോയുടേയും മൂന്നാമത്തെ കുട്ടിയാണ് സറീന. തലയുടെ പിന്‍ഭാഗത്ത് കണ്ട മുഴയ്ക്ക് ആദ്യം മുതല്‍ തന്നെ ചികില്‍സ തേടിയിരുന്നെങ്കിലും ശമനമുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പ്രതികരിക്കുന്നു. ന്യൂറല്‍ ട്യൂബിന് ജന്മനാ ഉണ്ടാകുന്ന തകരാറിനെ തുടര്‍ന്നാണ് ഈ അവസ്ഥ ഉണ്ടാവുന്നത്.

ഉറങ്ങുന്നതിന് പോലും കുട്ടിയ്ക്ക് സാധിക്കാത്തതാണ് നിലവിലെ സാഹചര്യമെന്നും ഇവര്‍ പറയുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിര്‍മാണ കമ്പനിയിലെ പംബ്ലിങ് ജീവനക്കാരനാണ് വാജിദ്. ജിന്ന ആശുപത്രിയിലാണ് ചികില്‍സയ്ക്കായി സറീനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയ്ക്ക് പൂര്‍ണമായി ഭേദമാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍ ഉള്ളത്.
