ചായ പ്രേമികൾക്ക് വീണ്ടും സന്തോഷ വാർത്ത. ദിവസം ഒരു കപ്പ് ചൂട് ചായയെങ്കിലും കുടിക്കുന്നവരിൽ അന്ധത വരുത്തുന്ന ഗ്ലൂക്കോമ രോഗത്തിനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. എന്നാൽ കഫെയിൻ അംശം ഒഴിവാക്കിയ കോഫി, ചായ എന്നിവ കുടിക്കുന്നവരിലും തണുപ്പിച്ച ചായ, മറ്റ് കൃത്രിമ പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഗ്ലൂക്കോമ സാധ്യതയെ തടയുന്നതിൽ പങ്കുവഹിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ഗ്ലൂക്കോമ കണ്ണിനകത്ത് ഫ്ലൂയിഡ് സമ്മർദമുണ്ടാക്കുകയും അതുവഴി നേത്ര നാഡികളുടെ ഭ്രംശത്തിന് കാരണമാവുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ കാഴ്ചയെടുത്ത നേത്ര രോഗം കൂടിയാണിത്. നിലവിൽ 57.5 മില്ല്യൺ പേരെ ഇത് ബാധിക്കുകയും 2020ഒാടെ ഇത് 65.5 മില്ല്യൺ ആയി ഉയരുമെന്നുമാണ് കണക്ക്.

കഫെയിൻ ഇൻട്രാകുലർ സമ്മർദത്തിൽ മാറ്റം വരുത്തുമെന്നായിരുന്നു നേരത്തെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നത്. എന്നാൽ ഗ്ലൂക്കോമ ബാധയെ കഫെയിൻ ഉള്ള പാനീയങ്ങളും ഇല്ലാത്തപാനീയങ്ങളും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇതുവരെ താരതമ്യ പഠനം നടന്നിരുന്നില്ല. 2005 -06ൽ അമേരിക്കയിൽ നടന്ന നാഷനൽ ഹെൽത്ത് ആന്‍റ് ന്യൂട്രീഷ്യൻ എക്സാമിനേഷൻ സർവെ വിവരങ്ങൾ താരതമ്യം ചെയ്താണ് ഗവേഷകർ പുതിയ കണ്ടുപിടുത്തത്തിൽ എത്തിയത്.

പതിനായിരം പേരെ നേരിൽ കണ്ടും ശാരീരിക, രക്ത പരിശോധനകൾ നടത്തിയുമായിരുന്നു സർവെ. ഗ്ലൂക്കോമക്കായി നടത്തിയ പ്രത്യേക പരിശോധനയിൽ 1678 പേരിൽ അഞ്ച് ശതമാനം പേർക്ക് ഇൗ രോഗാവസ്ഥയുള്ളതായി കണ്ടെത്തുകയായിരുന്നു. ഇവരോട് കഫെയിനുള്ള പാനീയവും ഇല്ലാത്ത പാനീയവും കുടിക്കുന്നത് സംബന്ധിച്ചും ചോദിച്ചിരുന്നു. ഇവരിൽ കഫെയിൻ ഒഴിവാക്കാത്ത ചൂടുചായ കുടിച്ചവരിൽ ആണ് ഏറ്റവും കുറഞ്ഞ ഗ്ലൂക്കോമ സാധ്യതയുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രമേഹം, പുകവലി എന്നിവയുള്ള ചായ കുടിക്കാരിൽ 74 ശതമാനം ഗ്ലൂക്കോമ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

