ജയ്പൂര്‍:  ഒരിക്കല്‍ ഹെലികോപ്റ്റര്‍ നേരിട്ട് കണ്ടപ്പോള്‍ സൊമൊതി ഭര്‍ത്താവിനോട് പറഞ്ഞു എന്നെങ്കിലും എനിക്ക് ഇതില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ആ ആഗ്രഹം അവര്‍ മറന്നു. എന്നാല്‍ അധ്യാപകനായ ഭര്‍ത്താവ് രമേഷ് ചന്ദ് മീണക്ക് പ്രിയതമയുടെ മോഹം ഹെലികോപ്റ്ററിനെക്കാള്‍  വലുതായിരുന്നു. ഒടുവില്‍ അധ്യാപന ജീവിതത്തോട് വിടപറയുന്ന ദിവസം മീണ ഭാര്യക്ക് സമ്മാനിച്ചത് അവര്‍ക്ക്  ഏറ്റവും പ്രിയപ്പെട്ട ആകാശയാത്രയാണ്. 

രാജസ്ഥാനിലെ അല്‍വാറിലെ സൗരയ് സ്കൂളില്‍ നിന്നും വിരമിച്ച ദിവസം 22 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകുന്നതിനായാണ് രമേഷ് ചന്ദ് മീണയും ഭാര്യയും ഹെലികോപ്റ്ററില്‍ കയറിയത്. 34 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച മീണ 3.70 ലക്ഷം രൂപ ചെലവഴിച്ചാണ് ദില്ലിയില്‍ നിന്നും ഹെലികോപ്റ്റര്‍ ബുക്ക് ചെയ്തത്. 

18 മിനിറ്റ് മാത്രം നീണ്ടുനിന്നതാണെങ്കിലും ആകാശയാത്ര ഏറെ വിസ്മയിപ്പിച്ചെന്നും ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുമെന്നും മീണയും ഭാര്യയും പറഞ്ഞു. പരമ്പരാഗത രീതിയില്‍ വ്സത്രം ധരിച്ചായിരുന്നു ഇരുവരുടെയും ആകാശയാത്ര.