പെരുമ്പാവൂര്‍: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പറിക്കുന്ന മോഷ്ടാവിനെ വാഴക്കുളം പൊലീസ് അറസ്റ്റു ചെയ്തു. മാടവന സിദ്ധിക്ക് എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ മുടിക്കൽ സ്വദേശി സിദ്ധിക്കാണ് പിടിയിലായത്. നാല് ദിവസം മുമ്പ് നടത്തിയ മോഷണമാണ് ഇയാളെ കുടുക്കിയത്. നാലു ദിവസം മുന്‍പ് മടക്കത്താനം ഭാഗത്ത് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ രണ്ടേകാൽ പവൻ വരുന്ന മാല ബൈക്കിൽ എതിരെ വന്ന സിദ്ധിക്ക് മോഷ്ടിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണിയാൾ പിടിയിലായത്. പൊലീസുകാരന്‍റെ ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ മാല പറിക്കാനായി കറങ്ങി നടന്നത്. ചാലക്കുടി കോടതി പരിസരത്ത് പാർക്ക് ചെയ്ത് കോടതിയിൽ ഡ്യൂട്ടിക്ക് പോയ പൊലീസുകാരന്‍റെ ബൈക്കാണ് സിദ്ധിക്ക് മോഷ്ടിച്ചത്. പെരുമ്പാവുര്‍, ആലുവ എന്നിവിടങ്ങളിലായി പത്തോളം കേസുകൾ ഇയാളുടെ പേരിലുണ്ട്