മുഖം വെളുക്കാനും തിളക്കമുള്ളതാക്കാനും നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾ ഇന്ന് വിപണിയിലുണ്ട്. പലരും അതിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഉപയോ​ഗിക്കുന്നത്. കെമിക്കലുകൾ അടങ്ങിയ ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകളാണ് കടകളിൽ വിൽക്കപ്പെടുന്നത്.  ഇവയുടെ ഉപയോ​ഗം ക്യാൻസറിന് പോലും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ബ്ലീച്ചിംഗ് ക്രീമുകൾ, ഫെയര്‍നസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ റുവാണ്ട സർക്കാർ നിരോധിച്ചു. ഇവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിരോധനം. നിരോധനം പൂർണമായി നടപ്പിലാക്കാൻ സർക്കാർ നിരവധി ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിൽ നിയോ​ഗിച്ചിട്ടുണ്ട്. ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കളാണ് സർക്കാർ പൂർണമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോ​ഗിച്ചാൽ ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾ പിടിപെടാം.  ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ ഒരു കാരണവശാലും ഉപയോ​ഗിക്കരുതെന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹെെഡ്രോക്വിനോൺ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കടകളിൽ നിന്ന് പിടികൂടാൻ  സർക്കാർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബ്ലീച്ചിം​ഗ് ക്രീം, സോപ്, ലോഷൻ, ഫെയര്‍നസ് ക്രീം ഉൾപ്പെടെ 5000ത്തോളം സൗന്ദര്യവർദ്ധക വസ്തുക്കൾ വിവിധ ബ്യൂട്ടി ഷോപ്പുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. 

കെമിക്കലുകൾ അടങ്ങിയ ക്രിമുകൾ ഉപയോ​ഗിച്ചാൽ ഫംഗസ് അണുബാധ, കരൾ രോ​ഗങ്ങൾ, മാനസിക സമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ലോകാരോ​ഗ്യ സംഘടന പറയുന്നു. 2011ൽ മാലിയിൽ 25 ശതമാനം സ്ത്രീകളും നെെജീരിയയിൽ 77 ശതമാനം സ്ത്രീകളും ഫെയർനസ് ക്രീം, ബ്ലീച്ചിംഗ് ക്രീം എന്നിവ സ്ഥിരമായി ഉപയോ​ഗിച്ച് വരുന്നതായി ലോകാരോ​ഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.