പാല്‍, മുട്ട, ബീഫ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴാണ് കൂടുതല്‍ കരുതേണ്ടത്. പ്രധാനമായും കുടലിനെയാണ് സാല്‍മോണെല്ല ആക്രമിക്കുക.
ഭക്ഷണവും കുടിവെള്ളവും വൃത്തിയില്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തില്ലെങ്കില്‍ പല തരത്തിലുള്ള ബാക്ടീരിയല്‍ ബാധയുണ്ടാകാന്‍ സാധ്യതകളുണ്ട്. ഇതില്‍ തന്നെ സാല്‍മോണല്ലയുടെ ആക്രമണമാണ് ഏറ്റവുമധികം ഭയക്കേണ്ടത്.
പ്രധാനമായും കുടലിനെയാണ് ഈ ബാക്ടീരിയ ആക്രമിക്കുക. പാല്‍, മുട്ട, ബീഫ് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് വേവിക്കാതെ കഴിക്കുന്നതും, ഇവയെല്ലാം കേടായ ശേഷം കഴിക്കുന്നതുമെല്ലാം സാല്‍മോണല്ല ശരീരത്തിലെത്താന്‍ കാരണമാകുന്നു.
തലച്ചോര്‍, ഹൃദയം, മജ്ജ- എന്നിവിടങ്ങളിലെല്ലാം സാല്‍മോണല്ലയുടെ സാന്നിദ്ധ്യം അണുബാധയ്ക്ക് കാരണമാകും. രക്തത്തില്‍ കലര്‍ന്ന് ശരീരത്തിലെ ആകെ കലകളേയും തകര്‍ത്തേക്കാം. ഗുരുതരമായ നിര്‍ജലീകരണമാണ് സാല്‍മോണല്ലയുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം. വയറിളക്കമോ ഛര്‍ദ്ദിയോ മൂലം ശരീരത്തിലെ മുഴുവന്‍ ജലാംശവും നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തമായ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
സാല്‍മോണല്ല ശരീരത്തിലെത്തുന്നത് എങ്ങനെയെല്ലാം...

വൃത്തിയില്ലാത്ത വെള്ളമുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതോ പച്ചക്കറിയോ പഴങ്ങളോ കഴുകുന്നതോ എല്ലാം ഇവ ശരീരത്തിലെത്താന്‍ കാരണമാകുന്നു. കടല്‍ ഭക്ഷണങ്ങള്‍, ഇറച്ചി തുടങ്ങിയവയിലെല്ലാം പൊതുവേ സാല്‍മോണല്ല കാണപ്പെടുന്നുണ്ട്. ഇവ നേരാംവണ്ണം വൃത്തിയാക്കാതെയോ വേവിക്കാതെയോ കഴിക്കുന്നത് പ്രധാന പ്രശ്‌നമാണ്. പച്ചമുട്ട കഴിക്കുന്ന ശീലമുള്ളവരും ഒന്ന് കരുതണം. ചിലപ്പോള്‍ പച്ചമുട്ടയിലൂടെയും ഇവ പകരാം.
അടുക്കള വൃത്തിയില്ലാതാകുന്നതും, കക്കൂസില്‍ നിന്നുള്ള വായു, വെള്ളം തുടങ്ങിയവ അടുക്കളയിലേക്കെത്തുന്നതുമെല്ലാം സാല്‍മോണല്ല ബാക്ടീരിയ എളുപ്പത്തില്‍ ഭക്ഷണത്തില്‍ കലര്‍ന്ന് ശരീരത്തിലെത്താന്‍ വഴിവയ്ക്കുന്നു. വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുള്ളവര്‍ അവയെ എപ്പോഴും വൃത്തിയായി കൊണ്ടുനടക്കാനും കരുതുക. പ്രത്യേകിച്ച് അസുഖങ്ങളുള്ള സമയമാണെങ്കില്‍ അവയെ കൃത്യമായി ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കാനും ശ്രദ്ധിക്കണം.
