ദില്ലി: ബലാല്‍സംഗത്തിന് ഇരയായ 10 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. ഇപ്പോള്‍ ഗര്‍ഭം അലസിപ്പിക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി അനുമതി നിഷേധിച്ചത്.

കുട്ടിയുടെ ഗര്‍ഭാവസ്ഥ 32 ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. ബലാല്‍സംഗത്തിന് ഇരയായ ശേഷം നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നെന്നും വളരെ വൈകിയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വിവരെ അറിഞ്ഞതെന്നും രക്ഷിതാക്കളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകും എന്നതുകൊണ്ട് ഹര്‍ജി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഇതോടെയാണ് ഗര്‍ഭം അലസിപ്പിക്കുന്നതിന് മെഡിക്കല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തില്‍ കോടതി അനുമതി നിഷേധിച്ചത്.

ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് പീഡനത്തിനിരയായ നിരവധി പേരുടെ ഹര്‍ജികളാണ് കോടതിയില്‍ എത്തുന്നത്. കഴിഞ്ഞ മേയില്‍ 21 ആഴ്ച്ച പ്രായമായ പത്ത് വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. വളരെ വൈകിയാണ് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത് എന്നത് അനൂകൂലമായ വിധി നേടുന്നത് തടസ്സമാകുന്നത്.