ഭക്ഷണം കഴിക്കുമ്പോള്‍ കഴിയുന്നതും ഗാഡ്‌ഗെറ്റുകള്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടി.വി- തുടങ്ങിയ ഉപാധികള്‍ ആശ്രയിച്ചായിരിക്കരുത് ഭക്ഷണം കഴിക്കുന്നത്

ഓരോ വ്യക്തിക്കും അനുഭവപ്പെടുന്ന വിശപ്പ് ഓരോ തരത്തിലുള്ളതാണ്. അത് അവര്‍ ജീവിക്കുന്ന പരിസ്ഥിതി, താപനില, ശരീരഘടന, ജോലി, വ്യായാമം, മാനസികാവസ്ഥ- ഇവയൊക്കെ അനുസരിച്ചിരിക്കും. എന്നാല്‍ വിശപ്പിന് അനുസരിച്ചല്ലാതെ ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് പൊണ്ണത്തടിയ്ക്ക് മാത്രമല്ല, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. 

നമുക്ക് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്ന വിശപ്പിനെ തൃപ്തിപ്പെടുത്താന്‍ മതിയായതിലും അധികം ഭക്ഷണം കഴിക്കുന്നതോ, പല സമയങ്ങളിലായി ഒട്ടും ചിട്ടയില്ലാതെ കഴിക്കുന്നതോ എല്ലാം അമിതമായ ഭക്ഷണം കഴിപ്പായി കണക്കാക്കാവുന്നതാണെന്നാണ് ദില്ലിയില്‍ ന്യൂട്രീഷ്യനിസ്റ്റായ ഡോ.പൂജ മല്‍ഹോത്ര പറയുന്നത്. 

അമിതമായി ഭക്ഷണം കഴിക്കുന്നതിലെ ഏറ്റവും വലിയ അപകടമെന്തെന്നാല്‍ ദഹനത്തിനുള്ള ബുദ്ധിമുട്ടുകളാണ്. നമ്മുടെ ശരീരത്തിന്, അത് ഓരോരുത്തര്‍ക്കും പ്രത്യേകിച്ചും ദഹനപ്രക്രിയകള്‍ക്കുള്ള കഴിവ് പ്രത്യേകമുണ്ട്. ഇതിനെ വെല്ലുവിളിക്കുന്ന രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ സ്വാഭാവികമായും ആദ്യഘട്ടത്തില്‍ ദഹനപ്രവര്‍ത്തനങ്ങളും തുടര്‍ന്നങ്ങോട്ട് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളും അവതാളത്തിലാകും. അമിതമായി ഭക്ഷണത്തോട് ആസക്തിയുണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ ചില വഴികള്‍ ഡോ.പൂജ മല്‍ഹോത്ര തന്നെ പറയുന്നു...

ഒന്ന്...

ഭക്ഷണം കഴിക്കുമ്പോള്‍ കഴിയുന്നതും ഗാഡ്‌ഗെറ്റുകള്‍ ഒന്നും ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടി.വി- തുടങ്ങിയ ഉപാധികള്‍ ആശ്രയിച്ചായിരിക്കരുത് ഭക്ഷണം കഴിക്കുന്നത്. 

രണ്ട്...

ശരീരം കൊണ്ട് മാത്രമല്ല, മനസ്സ് കൊണ്ടും ഭക്ഷണം കഴിക്കാനാകും. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് അമിതമായി കഴിക്കുന്നതില്‍ നമ്മളെ പിന്തിരിപ്പിക്കും. 

മൂന്ന്...

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ശ്രദ്ധിക്കുക. നൂറ് ശതമാനം ഭക്ഷണം, അതായത് പാത്രം നിറയെ ഭക്ഷണമെടുക്കരുത്. പകരം പകുതി ഭക്ഷണമെടുക്കുക. 

നാല്...

ആവശ്യത്തിന് സമയമെടുത്ത് ഭക്ഷണം കഴിക്കുക. തിടുക്കപ്പെട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവിനെ എപ്പോഴും തെറ്റിച്ചുകൊണ്ടിരിക്കും. 

അഞ്ച്...

വായില്‍ ഭക്ഷണം അവശേഷിക്കെ, വീണ്ടും കഴിക്കാതിരിക്കുക. വളരെ പതുക്കെ ചവച്ചരച്ച് മാത്രം കഴിക്കാന്‍ ശ്രമിക്കുക. 

ആറ്...

ആദ്യമെടുത്ത ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പുണ്ടെന്ന് തോന്നിയാല്‍, ആദ്യമെടുത്തതിന്റെ പകുതി ഭക്ഷണം കൂടി എടുക്കുക. എപ്പോഴും വയറുനിറയെ കഴിക്കരുത്. ഒരല്‍പം സ്ഥലം വയറ്റില്‍ ഒഴിച്ചിടണം. 

ഏഴ്...

ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങളും കണക്കിലെടുക്കണം. ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണെന്നും ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തിയാണെന്നും ഓര്‍ത്ത്, തിക.ച്ചും സമാധാനപരവും സ്വസ്ഥവുമായ സമയം കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുക.