Asianet News MalayalamAsianet News Malayalam

മുടി കൊഴിച്ചില്‍ തടയാം, മുടിക്ക് തിളക്കവുമേകാം; വീട്ടില്‍ പരീക്ഷിക്കാന്‍ ചില വഴികള്‍....

'സൈഡ് എഫക്ടുകൾ' ഇല്ലെന്നത് കൊണ്ടുതന്നെ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ മുടി കൊഴിച്ചിലിനെ തടയുന്നതാണ് ഏറ്റവും നല്ലത്. അത്തരത്തിൽ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങളാണ് വിശദീകരിക്കുന്നത്

simple methods to resist hair fall
Author
Trivandrum, First Published Oct 17, 2018, 11:37 AM IST

മുടി കൊഴിച്ചില്‍ തടയാന്‍ പല വഴികളും പയറ്റി മടുത്തവര്‍ ധാരാളമുണ്ട്. വിവിധ കാരണങ്ങള്‍ മൂലമാണ് മുടി കൊഴിച്ചിലുണ്ടാകുന്നത്. ഈ കാരണത്തിനാണ് യഥാര്‍ത്ഥത്തില്‍ ചികിത്സ വേണ്ടത്. ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥാമാറ്റം, മാനസിക സമ്മര്‍ദ്ദങ്ങള്‍, പോഷകാഹാരക്കുറവ്, ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത്, ചികിത്സയിലിരിക്കുന്നത്- ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. 

എന്നാല്‍ പ്രകൃതിദത്തമായ രീതികളിലൂടെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതില്‍ ആശങ്കകളേ വേണ്ട. മറ്റ് 'സൈഡ് എഫക്ടുകള്‍' ഇല്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇത്തരത്തില്‍ പരീക്ഷിക്കാവുന്ന ഏതാനും മാര്‍ഗങ്ങളാണ് വിശദീകരിക്കുന്നത്. തൈര് ആണ് ഇതില്‍ പ്രധാന ഘടകമായി ഉപയോഗിക്കുന്നത്. 

തൈരും ഒലിവ് ഓയിലും...

ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും നന്നായി  തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിക്ക് കരുത്തേകാനും തിളക്കമുള്ളതാകാനും ഇത് സഹായകമാകും. 

തൈരും കുരുമുളകും...

simple methods to resist hair fall

ഒരു കപ്പ് തൈരിലേക്ക് ആറോ ഏഴോ ഉണങ്ങിയ കുരുമുളക് പൊടിച്ചത് ചേര്‍ക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. താരന്‍ ഇല്ലാതാകാനും മുടി കൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കും. 

തൈരും ചെറുനാരങ്ങയും...

ചെറുനാരങ്ങ, നമുക്കെല്ലാവര്‍ക്കുമറിയാവുന്നത് പോലെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു മരുന്നാണ്. മുടിയുടെ ആരോഗ്യത്തിനും ചെറുനാരങ്ങ ഉത്തമം തന്നെ. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. മുടി ഊരിവീഴുന്നത് തടയാന്‍ ഇത് സഹായകമാകും. 

തൈരും ഉലുവയും...

അരക്കപ്പ് തൈരില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ അരച്ച് ചേര്‍ക്കുക. അല്‍പം കട്ടിയായ ഈ മിശ്രിതം ഒരു ബ്രഷുപയോഗിച്ച് മുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാമ്പൂ ഉപയോഗിക്കാം. വിറ്റാമിന്‍-ഡി, വിറ്റാമിന്‍- ബി5 എന്നിവയാല്‍ സമ്പുഷ്ടമാണ് ഉലുവ. ഇത് മുടിക്കും അത്യന്തം ആവശ്യമായ ഘടകങ്ങളാണ്. 

തൈരും നെല്ലിക്കയും...

simple methods to resist hair fall

നെല്ലിക്കയും മുടിയുടെ കാര്യത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അല്‍പം തൈരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആരോഗ്യത്തോടെ മുടി വളരാന്‍ ഏറെ ഫലപ്രദമാണ്.

Follow Us:
Download App:
  • android
  • ios