നമ്മൾ പതിവായി കഴിക്കുന്ന പാൽ, ഇറച്ചി- എന്നിവയിൽ നിന്നെല്ലാമാണ് പ്രധാനമായും ശരീരത്തിലേക്ക് കൊഴുപ്പ് എത്തുന്നത്. ഈ കൊഴുപ്പിന്‍റെ അളവ് ഗണ്യമായി കുറയ്ക്കാൻ ചില വഴികളുണ്ട്

നല്ലൊരു ഡയറ്റ് സൂക്ഷിച്ചാല്‍ തന്നെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്താം. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ചിട്ടയായ ഡയറ്റ് കൊണ്ടുപോകാന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരത്തില്‍ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് കൊളസ്‌ട്രോളിന്റെ പിടിയിലകപ്പെടാനും കാരണമാകുന്നത്. ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാനാകും. ഇതിനായി ആറ് പൊടിക്കൈകളറിയാം...

ഒന്ന്...

പാലുപയോഗിക്കുമ്പോള്‍ 'സ്‌കിംഡ്' മില്‍ക്കോ 'ലോ ഫാറ്റ്' മില്‍ക്കോ ഉപയോഗിക്കാന്‍ ശ്രമിക്കുക. പാലില്‍ നിന്ന് ശരീരത്തിലെത്തുന്ന വലിയ ശതമാനം കൊഴുപ്പ് ഒഴിവാക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയും. 

രണ്ട്...

പാചകത്തിനായി ഉപയോഗിക്കുന്ന കൊഴുപ്പും കുറയ്ക്കാവുന്നതാണ്. അത് വെളിച്ചെണ്ണയോ നെയ്യോ എന്തുമാകട്ടെ, പരമാവധി ഇതിന്റെ അളവ് കുറയ്ക്കുക. പൊരിച്ചതും വറുത്തതുമായ ഭക്ഷണസാധനങ്ങള്‍ കുറയ്ക്കാനും ശ്രമിക്കുക.

മൂന്ന്...

ഇറച്ചി, വൃത്തിയാക്കുമ്പോള്‍ തന്നെ അതില്‍ നിന്ന് പരമാവധി നെയ് കളയുക. ചിക്കനാണെങ്കിലും മട്ടനാണെങ്കിലും നെയ് കാണാന്‍ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കുമ്പോഴേ മുറിച്ചുകളയാവുന്നതാണ്. 

നാല്...

നേരത്തേ സൂചിപ്പിച്ചത് പോലെ ഇറച്ചിയില്‍ നിന്ന് തന്നെയാണ് ഒറ്റയടിക്ക് വലിയ തോതില്‍ കൊഴുപ്പ് ശരീരത്തിലെത്തുന്നത്. ഇത് വൃത്തിയാക്കുമ്പോള്‍ കളയുന്നത് പോലെ, പാകം ചെയ്യുമ്പോഴും ഇതില്‍ നിന്ന് നെയ് ഊറ്റിക്കളയാവുന്നതാണ്. ഉപ്പോ മഞ്ഞളോ ചേര്‍ത്ത് ഇറച്ചി അല്‍പനേരം തിളപ്പിക്കുമ്പോല്‍ നെയ് പാട പോലെ മുകളില്‍ പൊങ്ങും. ഇതാണ് ഊറ്റിക്കളയേണ്ടത്. 

അഞ്ച്...

ഇറച്ചിയുണ്ടാക്കുമ്പോള്‍ ഇടയ്ക്ക് പച്ചക്കറിയും മറ്റും ചേര്‍ത്ത് ഉണ്ടാക്കാന്‍ ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ വലിയ അളവില്‍ ശരീരത്തിലെത്തുന്ന കൊഴുപ്പിനെ നല്ല രീതിയില്‍ കുറയ്ക്കാനാകും.